പൗരത്വബില്ലില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ ബി.ജെ.പി വിട്ടു. പൗരത്വബില്‍ ഇന്ത്യയെ തകര്‍ക്കുന്നതാണെന്ന് ത്വാഹാ തങ്ങള്‍ പറഞ്ഞു. ഭരണഘടനാ പദിവിയിലിരിക്കെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാജയപ്പെട്ടെന്നും ത്വാഹാ തങ്ങള്‍ ആരോപിച്ചു. മുസ്ലിം ലീഗ് സ്ഥാപക നേതാവ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ചെറുമകനാണ് ത്വാഹാ തങ്ങള്‍.
ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തന്നെ ചൂണ്ടിക്കാണിച്ച് ബി.ജെ.പി ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട പലരെയും പാര്‍ട്ടിയില്‍ ചേര്‍ത്തു. എന്നാല്‍ പൗരത്വ നിയമത്തിലൂടെ ബി.ജെ.പി മുസ്ലിം വിരുദ്ധരാണെന്ന് വ്യക്തമായതായി സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ ആരോപിച്ചു.
രണ്ടുമാസങ്ങള്‍ക്ക് മുമ്പ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീട്ടിലെത്തിയപ്പോള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. താൻ മുസ്ലിമാണെന്നും ബി.ജെ.പിയില്‍ ചേരുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടെന്നും ത്വാഹ ആരോപിച്ചു.
ബി.ജെ.പി അംഗത്വ കാമ്പയിൻ കാലത്ത് ഏറെ കൊട്ടിഘോഷിച്ചാണ് അന്നത്തെ പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ള സയ്യിദ് ത്വാഹാ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. ഗവര്‍ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന് കൊയിലാണ്ടിയിലെ തങ്ങളുടെ വീട്ടിലെത്തി രണ്ടുമണിക്കൂറോളം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.. പൗരത്വബില്ലില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ കൂടുതല്‍ രാജിയുണ്ടാവുമെന്നാണ് സൂചന.