കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ സിപിഎമ്മുമായി സഹകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ല. കേരളത്തിലും ഭരണകൂട ഭീകരതയാണ്. യോഗി ആദിത്യനാഥും യെദ്യൂരപ്പയും പിണറായിയും ഒരേ തൂവൽപക്ഷികളാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ടി. സിദ്ദിഖ് ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ജയിലില്‍ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമം. ടി സിദ്ധിഖ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും ജയിലിലടച്ച നടപടി പ്രാകൃതമാണ്. യെദ്യൂരപ്പയും യോഗി ആദിത്യനാഥും പിണറായിയും ഒരേ തൂവൽ പക്ഷികളാണ്. മോദിയെ സന്തോഷിപ്പിക്കാനാണ് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് കാരണമെന്തെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കേന്ദ്രത്തിനെതിരായ സമരത്തിൽ സി.പി.എമ്മിന് സമരത്തിൽ താൽപര്യമില്ല. ഇപ്പോഴത്തെ നിലപാട് വഴിപാട് മാത്രമാണ്. സിപിഎമ്മുമായി കോൺഗ്രസ് സംയുക്ത സമരത്തിനില്ല. ഹിഡന്‍ അജണ്ടയൊന്നും ഇക്കാര്യത്തിലില്ല. രമേശ് ചെന്നിത്തലയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ല. പിണറായിയുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല, പിണറായി നല്ല സുഹൃത്താണെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര് വികാരമുണ്ടാക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.