തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോരാട്ടമൊക്കെയാണെങ്കിലും സ്ഥാനാര്‍ത്ഥി കുതിരപ്പുറത്ത് വന്നാല്‍ ഇതെന്താ കഥയെന്ന് ആരും ഒന്ന് ചിന്തിച്ചു പോകും. അതും കളക്ടറേറ്റിലേക്ക്. രണ്ടു കുതിരകള്‍ക്കും ഒരു ഒട്ടകത്തിനുമൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇബ്നുവാണ് ആളുകളെ ഞെട്ടിച്ചത്
ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്തെ ഇടതു സ്ഥാനാര്‍ത്ഥികളായ നീലലോഹിതദാസന്‍ നാടാരും ആന്റണി രാജുവും പത്രിക നല്കി മടങ്ങുമ്പോഴാണ് ഇബ്നു എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വരവ്. അതും സ്വന്തം കുതിരയായ സില്ക്കിയുടെ പുറത്ത്. പിന്നില്‍ സില്ക്കിയുടെ കുഞ്ഞ് സിംബയും ഇസ എന്ന ഒട്ടകവും. കളക്ടറേറ്റിന് മുമ്പില്‍ സംഘത്തെ തടഞ്ഞ പൊലീസ് സ്ഥാനാര്‍ത്ഥിയെ മാത്രമേ ഉള്ളിലേക്ക് കടത്തി വിട്ടുള്ളൂ
ചുമ്മാ വെറുതെ ആളാവനുള്ളൊരു യാത്രയല്ല ഇതെന്ന് ഇബ്നു ന്യൂസ് 18 നോട് പറഞ്ഞു. അടിക്കടി ഉയരുന്ന പെട്രോള്‍ വില വര്‍ധനയാണ് ഇങ്ങനെയൊരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ കാരണം. 50 രൂപയ്ക്ക് ഭക്ഷണം കൊടുത്താല്‍ യാത്രാക്കൂലിയായി. മാത്രമല്ല ഒരു വളര്‍ത്തു മൃഗത്തിന്റെ സ്നേഹവും നേടാം. എല്ലാവരും ഈ മാര്‍ഗം സ്വീകരിക്കണമെന്നാണ് ഇബ്നുവിന്റെ ഉപദേശം
രണ്ടു കൊല്ലം മുമ്പാണ് രാജസ്ഥാനില്‍ നിന്ന് രണ്ട് ഒട്ടകങ്ങളെ മൂന്ന് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. അതിലൊന്ന് ജീവിച്ചിരിപ്പില്ല. 50,000 രൂപ കൊടുത്താണ് സില്ക്കിയെ സ്വന്തമാക്കിയത്. ആദ്യമായല്ല ഇബ്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു. മുമ്പ് സിപിഎമ്മിലും ആം ആദ്മി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നതായും ഇബ്നു അവകാശപ്പെടുന്നു. ഏതായാലും തെരഞ്ഞെടുപ്പ് കളത്തില്‍ കുതിരയുമായി ഒരു രസികന്‍ സവാരിയ്ക്കൊരുങ്ങുകയാണ് ഇബ്നു