കൊച്ചി: പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കർദിനാൾ ജോർജ് ആലഞ്ചേരി സഭ ആസ്ഥാന ദേവാലയത്തിൽ ഓശാന ഞായറിൽ (Palm Sunday) എകീകൃത കുർബാനയർപ്പിച്ചു. തുടരുന്ന പ്രതിഷേധം കണക്കിലെടുത്ത് എറണാകുളം സെൻ മേരീസ് ബസിലിക്കയിൽ കനത്ത സുരക്ഷയിലായിരുന്നു പ്രാർഥനകൾ. പൊലീസ് സുരക്ഷയിൽ പള്ളിയിലെത്തിയ കർദിനാൾ ജോർജ് ആലഞ്ചേരി സെൻ മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന അർപ്പിച്ചു. എന്നാൽ ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം സഭയുടെ ആസ്ഥാന ദേവാലയത്തിലേക്ക് എത്തിയ കർദിനാളിനെ കയ്യടികളോടെയാണ് വിശ്വാസികൾ എതിരേറ്റത്. കുർബാനയുടെ പരിഷ്കരിച്ച രീതിയെ എതിർക്കുന്ന ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധം മൂലം സീറോ മലബാർ സഭയുടെ അദ്ധ്യക്ഷൻ കൂടിയായ ആലഞ്ചേരിക്ക് ഇവിടേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പള്ളിക്കകത്ത് മഫ്തിയിലും പള്ളിക്ക് പുറത്ത് യൂണിഫോമിലുമായി ഒട്ടനവധി പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. എന്നാൽ പ്രതിഷേധങ്ങൾ ഒന്നും ഒന്നുമുണ്ടായില്ല.
കുർബാന ഏകീകരണത്തിൻ്റെ പ്രാധാന്യം തൻറെ പ്രസംഗത്തിൽ കർദിനാൾ വിശദീകരിച്ചു. സിനഡ് അംഗീകരിച്ച കുർബാനക്രമം ആണ്. ഇത് നടപ്പാക്കണമെന്ന് വത്തിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ അതിരൂപതയെ അഭിസംബോധന ചെയ്ത് പ്രത്യേകം കത്തയയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇത് നടപ്പാക്കാനുള്ള ബാധ്യത എല്ലാ വിശ്വാസികൾക്കും ഉണ്ട്. കർദിനാൾ വിശദീകരിച്ചു. സിനഡ് തീരുമാനങ്ങൾ വ്യക്തമാക്കുന്ന സർക്കുലറും കുർബാന മധ്യേ വായിച്ചു.
ഈ വരുന്ന ക്രിസ്തുമസ് ദിവസം മുതൽ മുതൽ ഏകീകൃത കുർബാന അർപ്പണം നടപ്പാക്കാം എന്നായിരുന്നു കരിയിൽ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്. വൈദികരും ഇത് അനുകൂലിച്ചിരുന്നു . എന്നാൽ ഈ സർക്കുലർ അസാധുവാക്കി ആണ് സിനഡ് തീരുമാനം പ്രഖ്യാപിച്ചത്. ഇതിലുള്ള പ്രതിഷേധം കൊണ്ട് തന്നെയാണ് ആൻറണി കരിയിൽ കർദിനാളിന് ഒപ്പമുള്ള കുർബാനയിൽ നിന്ന് വിട്ടു നിന്നത് എന്നാണ് സൂചന.