കോഴിക്കോട്: നിർമ്മാണ മേഖലയിൽ പ്രതിസന്ധിയുമായി സംസ്ഥാനത്ത് സിമന്റ് വ്യാപാരികശളുടെ സമരം. അന്യായമായ വില വർദ്ധന അവസാനിപ്പിക്കുക, യഥാർത്ഥ വില്പന വിലയേക്കാൾ വലിയ തുക കാണിച്ചു ബിൽ ചെയ്യുന്ന അശാസ്ത്രീയമായ ബില്ലിംഗ് സമ്പ്രദായം നിർത്തലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് ആറായിരത്തിലധികം വരുന്ന സിമന്റ് വ്യാപാരികൾ സമരം നടത്തുന്നത്.
പന്ത്രണ്ട് കമ്പനികളിൽ നിന്ന് സിമന്റ് വാങ്ങുന്നത് ഒഴിവാക്കിയാണ് സിമന്റ് ഡീലേഴ്സ് അസോസിയേഷന്റെ സമരം. രണ്ട് ദിവസം മുമ്പ് തുടങ്ങിയ സമരം സംസ്ഥാനത്തെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഒരു വിഭാഗം സമരം തുടങ്ങിയതോടെ മറ്റ് വ്യാപാരികൾക്കും സിമന്റ് നൽകുന്നത് പ്രമുഖ കമ്പനികൾ നിർത്തി.
ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇത് കൃത്രിമക്ഷാമം സൃഷ്ടിക്കുവാനുള്ള കമ്പനികളുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് സിമന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സിറാജുദ്ദീൻ ആരോപിച്ചു. സിമന്റിന്റെ വിപണനം കുറഞ്ഞത് പരിഗണിക്കാതെ വില കൂട്ടുന്ന കമ്പനികൾക്കെതിരെ മാത്രമാണ് സമരമെന്നാണ് സിമന്റ് ഡീലേഴ്സ് അസോസിയേഷന്റെ വിശദീകരണം.
ഇന്നലെ കോഴിക്കോട് കല്ലായി ഗുഡ് ഷെഡിൽ എത്തിയ നൂറുകണക്കിന് സിമന്റുകൾ കമ്പനികൾ വ്യാപാരികൾക്ക് നൽകുവാൻ തയ്യാറായില്ല. ഇവിടെ നിന്നും സിമന്റ് നേരെ കൊണ്ടുപോയത് കമ്പനികളുടെ ഗോഡൗണുകളിലേക്കാണ്. കമ്പനികളുടെ പുഴ്ത്തി വെപ്പിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത് . അതേ സമയം പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ് ഉൾപ്പടെയുള്ള വില കുറഞ്ഞ സിമന്റുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്.