ന്യൂഡൽഹി: ഗവർണർക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ നിയമ സഭയേയും സഭയുടെ പ്രമേയത്തെയും അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. മോദിയേയും അമിത് ഷായെയും പിണറായി എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്നും രമേശ്ചെന്നിത്തല ചോദിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ വിഷയത്തിൽ ഇനി ഇടതുപക്ഷവുമായി യോജിച്ച സമരമില്ലെന്ന് മുല്ലപ്പള്ളിക്കും ഉമ്മൻചാണ്ടിക്കുമൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
പൗരത്വ വിഷയത്തിൽ യോജിച്ച സമരം ആവശ്യപ്പെട്ടത് താനാണെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസിൽ ഭിന്നതയെന്ന് വരുത്തി തീർക്കാൻ സി പി എം ശ്രമിക്കുകയാണ്. യോജിച്ച സമരത്തിന് ശേഷം സി പി എം ഏകപക്ഷീയ നിലപാട് സ്വീകരിച്ചു. മുല്ലപ്പള്ളിയുടെ മതതരത്വത്തെ ചോദ്യം ചെയ്യേണ്ട കാര്യം ഇടതുപക്ഷത്തിനില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.പി സി സി പ്രസിഡന്റിനെ മുഖ്യമന്ത്രി നിരന്തരമായി ആക്രമിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് ഇടത് മുന്നണിയുടെ സൗജന്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 18 ആം തീയതി കോഴിക്കോട് യു ഡി എഫ് മാർച്ചിൽ കപിൽ സിബൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൊള്ളാം, മുല്ലപ്പള്ളി കൊള്ളില്ല എന്ന നിലപാട് ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പൗരത്വ വിഷയത്തിൽ ഇനി ഇടതുപക്ഷവുമായി യോജിച്ച സമരമില്ലെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും വ്യക്തമാക്കി. യോജിച്ച സമരത്തിന് ശേഷം സി പി എം ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു. മുല്ലപ്പള്ളിയുടെ മതതരത്വത്തെ ചോദ്യം ചെയ്യേണ്ട കാര്യം ഇടത് പക്ഷത്തിനില്ല എന്നും യു ഡി എഫ് നേതാക്കൾ ഡൽഹിയിൽ പറഞ്ഞു.
ഫാസിസത്തോട് സന്ധി ചെയ്തിട്ടുള്ളത് ഇടത് പക്ഷമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ വിഷയത്തിൽ ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങളെ അടിച്ചമർത്താനാകില്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഫെബ്രുവരി ആദ്യവാരം കേരളത്തിൽ സംഘടിപ്പിക്കുന്ന മഹാറാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.