വാഷിങ്ടൺ: “ഒരു അർത്ഥത്തിൽ” ചൈന ലോകത്തിന് ഭീഷണിയാണെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ സൈനിക നടപടിയുണ്ടായാൽ സൈനികസഖ്യത്തിൽ ഓസ്ട്രേലിയ ചേരുമെന്ന സൂചനയും ട്രംപ് നൽകി. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് നൽകിയ സ്വീകരണ ചടങ്ങിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. കരുത്തനും യഥാർഥവ്യക്തിത്വവുമുള്ള മനുഷ്യൻ എന്നായിരുന്നു ട്രംപ് സ്കോട്ട് മോറിസണെ വിശേഷിപ്പിച്ചത്.
ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാനെതിരായ സൈനിക നടപടിക്ക് ഓസ്ട്രേലിയയ്ക്കും സഹകരിക്കാവുന്നതാണെന്ന് സ്വീകരണ ചടങ്ങിൽ ട്രംപ് സൂചിപ്പിച്ചെങ്കിലും പിന്നീട് നടന്ന ഉഭയകക്ഷി ചർച്ചകളിലൊന്നും ഇക്കാര്യം ഉന്നയിച്ചില്ല. അതേസമയം ട്രംപിനെ പ്രസംഗത്തിനിടെ പ്രശംസിച്ചെങ്കിലും ഇറാനെതിരായ സൈനികനടപടിയുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി തയ്യാറായില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും ആവശ്യം ഔദ്യോഗികമായി അമേരിക്ക മുന്നോട്ടുവെച്ചാൽ പരിഗണിക്കുമെന്നായിരുന്നു സ്കോട്ട് മോറിസൻ പറഞ്ഞത്.