കരുതൽ മിണ്ടാപ്രാണികളിലേക്കും; നഴ്സിംഗ് ജോലിക്കിടയിലും തെരുവ് നായകളുടെ വിശപ്പകറ്റി ചിത്ര
20 വർഷമായി നഴ്സായി ജോലി ചെയ്യുന്ന ചിത്രയ്ക്കിപ്പോൾ ആതുരസേവനത്തോടൊപ്പം പ്രിയപ്പെട്ടതാണ് തെരുവ് നായകളുടെ വിശപ്പ് അകറ്റുക എന്ന ദൗത്യവും. (റിപ്പോർട്ട്- പ്രസാദ് ഉടുമ്പശ്ശേരി)
News18 Malayalam | August 2, 2020, 1:04 PM IST
1/ 9
കഴിഞ്ഞ നാലു മാസമായി തെരുവ് നായകൾക്ക് മുടങ്ങാതെ ഭക്ഷണം നൽകി വരികയാണ് പാലക്കാട്ടെ സ്വകാര്യാശുപത്രിയിലെ നഴ്സായ ചിത്ര.
2/ 9
കീമോ തെറാപ്പി യൂണിറ്റിലെ പ്രധാന നഴ്സായ ഇവർ ക്യാൻസർ രോഗികൾക്കുള്ള പരിചരണം കഴിഞ്ഞ് വൈകീട്ടാണ് തെരുവ് നായകളുടെ വിശപ്പ് മാറ്റാൻ ഭക്ഷണവുമായി ഇറങ്ങുന്നത്.
3/ 9
ജോലി സമയം കഴിഞ്ഞ് വൈകീട്ട് അഞ്ചര മുതൽ രാത്രി ഏഴര വരെയാണ് ഭക്ഷണ വിതരണം. ഭർത്താവ് അഭയനാണ് തെരുവ് നായകൾക്കുള്ള ഭക്ഷണം എല്ലാ ദിവസവും എത്തിച്ചു നൽകുന്നത്.
4/ 9
ലോക്ക് ഡൗണിന് തൊട്ടു മുൻപ് തുടങ്ങിയതാണ് ഈ ശീലം. മുടക്കം വരാതെ കഴിഞ്ഞ നാലു മാസമായി ചിത്ര ഇത് തുടരുന്നു. ഇപ്പോൾ വൈകുന്നേരമാവുമ്പോൾ ചിത്രയെ കാത്ത് തെരുവ് നായകൾ റോഡിലുണ്ടാവും
5/ 9
മണപ്പുള്ളിക്കാവ് മുതൽ കോട്ടമൈതാനവും പാലാട്ട് ജംഗ്ഷനും സിവിൽ സ്റ്റേഷൻ പരിസരവും ചുറ്റി ചിത്ര വീട്ടിലെത്തുമ്പോൾ അൻപത് തെരുവ് നായകളുടെ വയർ നിറഞ്ഞിട്ടുണ്ടാവും. ഇതിനിടെ പരിചയപ്പെട്ട കാക്കകൾക്കുമുണ്ട് ചിത്രയുടെ ഒരു പിടി ചോറ്......
6/ 9
ആരും വിശന്നിരിയ്ക്കുന്നത് തനിക്ക് സഹിയ്ക്കാനാവില്ലെന്ന് ചിത്ര പറയുന്നു. എല്ലാ തെരുവ് നായകൾക്കും പ്രത്യേകമായി തന്നെ ഭക്ഷണം വിളമ്പി നൽകും. ചിത്രയുടെ സ്കൂട്ടറിന് പിന്നാലെ ഭക്ഷണത്തിന്റെ മണം പിടിച്ച് തെരുവ് നായകൾ ഓടി വരുന്നത് കാണേണ്ട കാഴ്ച തന്നെയാണ്...
7/ 9
ഇതിനിടെ ചില വില്ലൻമാർ കൂട്ടത്തിലെ ദുർബലനെ കടിച്ച് കീറുന്നതും കാണാം. അതിനും ചിത്ര തന്നെ മധ്യസ്ഥം വഹിക്കണം. ഇത്രയും കാലത്തിനുള്ളിൽ ഓരോ തെരുവ് നായയുടെയും സ്വഭാവം ചിത്ര പഠിച്ചു വെച്ചിട്ടുണ്ട്. വിശപ്പ് മാറിയാൽ പിന്നെ എല്ലാവരും ശാന്തരാണെന്ന് ചിത്ര പറയുന്നു.
8/ 9
എല്ലാം കഴിഞ്ഞ് ഏഴരയോടെവീട്ടിലെത്തിയാൽ അവിടെയുമുണ്ട് ആറ് നായകൾ. അതിൽ ഭൂരിഭാഗവും നോക്കാൻ കഴിയാത്തതിനാൽ മറ്റുള്ളവർ ഉപേക്ഷിച്ചതാണ്. അവരോടും അല്പം കുശലം പറഞ്ഞേ ചിത്ര വീട്ടിലേക്ക് കയറു.
9/ 9
ചിത്രയ്ക്ക് ഇങ്ങനെയൊക്കെ സന്തോഷമായി ചെയ്യാൻ കഴിയുന്നത് വീട്ടുകാരുടെ പൂർണ്ണ പിന്തുണക്കൊണ്ട് കൂടിയാണ്. തെരുവ് നായകൾക്കാവശ്യമായ ഭക്ഷണം ഉൾപ്പടെ തയ്യാറാക്കുന്നത് വീട്ടുകാർ ഒരുമിച്ചാണെന്ന് ഭർത്താവ് അഭയൻ പറയുന്നു. 20 വർഷമായി നഴ്സായി ജോലി ചെയ്യുന്ന ചിത്രയ്ക്കിപ്പോൾ ആതുരസേവനത്തോടൊപ്പം പ്രിയപ്പെട്ടതാണ് തെരുവ് നായകളുടെ വിശപ്പ് അകറ്റുക എന്ന ദൗത്യവും.