തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം പരിഗണിച്ച് നിയമസഭ. പ്രധാന അജണ്ടയ്ക്കു പുറമേ മറ്റു അജണ്ടയായാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഇത് മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം മൗലികാവകാശമായ സമത്വ തത്വത്തി ന്റെ ലംഘനമാണ്. മതനിരപേക്ഷത തകർക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുമ്പോൾ മത-രാഷ്ട്രീയ സമീപനമാണ് അതിൽ ഉൾച്ചേർന്നിരിക്കുന്നത്. ഇത് ഭരണഘടനയുടെ മതനിര പേക്ഷ കാഴ്ചപാടിന് കടക വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതുമല്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ ബില്ലിനെതിരെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേ നിലപാടെടുത്ത സാഹചര്യത്തിൽ പ്രമേയം പാസാക്കുന്നതിൽ തടസമുണ്ടാകാൻ സാധ്യതയില്ല. അതേസമയം ബിജെപി അംഗമായ ഒ.രാജഗോപാല്‍ പ്രമേയത്തെ എതിക്കും.