തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവില്‍ യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത നടപടിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അവരെന്തോ പരിശുദ്ധന്മാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തില്‍ ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, പക്ഷേ അങ്ങനെ പറയാന്‍ തയാറല്ല, യു.എ.പി.എക്ക് സര്‍ക്കാര്‍ എതിരാണ്. പക്ഷേ യു.എ.പി.എ ചുമത്തിയ കേസുകള്‍ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.- മുഖ്യമന്ത്രി പറഞ്ഞു.
സഭാ തര്‍ക്കത്തില്‍ സമവായമില്ലാത്തതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം ചര്‍ച്ചയ്ക്ക് തയ്യാറായില്ല. ഓര്‍ഡിനന്‍സ് പ്രകാരം ഇടവകയിലെ ഏത് അംഗം മരിച്ചാലും പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാനും, മരണാനന്തര ചടങ്ങുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് നടത്താനും കഴിയും. പള്ളിയില്‍ അധികാരമുള്ള സഭയുടെ ചടങ്ങുകള്‍ മാത്രമെ പള്ളിയ്ക്കകത്തും, സെമിത്തേരിയിലും നടത്താന്‍ അവകാശമുണ്ടാകൂ. ആ ചടങ്ങ് വേണ്ടെന്ന് വയ്ക്കാന്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അവകാശമുണ്ട്. പകരം താല്പര്യമുള്ള പുരോഹിതരെ കൊണ്ട് പുറത്ത് വച്ച് ചടങ്ങുകള്‍ നടത്താന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.