മലപ്പുറം: അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ പാണക്കാട് സന്ദർശിച്ച് ശശി തരൂർ എം പി. പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ട തരൂർ മലപ്പുറം ഡിസിസി ഓഫീസും സന്ദർശിച്ചു. തരൂരിന്റെത് സൗഹൃദ സന്ദർശനം മാത്രം ആയിരുന്നുവെന്നും കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നില്ല എന്നുമായിരുന്നു മുസ്ലിം ലീഗിന്റെ വിശദീകരണം. രാവിലെ 8.30 ഓടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയ തരൂരിന് ലഭിച്ചത് ഊഷ്മള സ്വീകരണം. സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുൽ വഹാബും പി എം എ സലാമും കെ പി എ മജീദുമടങ്ങുന്ന ഉന്നത നേതാക്കളെല്ലാം പാണക്കാട് ശശി തരൂരിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. കോഴിക്കോട് എം പി എം കെ രാഘവനും തരൂരിനൊപ്പം ഉണ്ടായിരുന്നു.
പ്രഭാത ഭക്ഷണത്തിന് ശേഷം നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. എം കെ രാഘവനൊപ്പം മാധ്യമങ്ങളെ കണ്ട ശശി തരൂർ പാണക്കാട് സന്ദർശിക്കുന്നത് ഒരു പതിവ് രീതി ആണെന്ന് പറഞ്ഞാണ് തുടങ്ങിയത്. " ഇത് ഒരു പുതിയ കാര്യം അല്ല. ഞാൻ ആദ്യമായി അല്ല പാണക്കാട് വരുന്നത്. എട്ടോ ഒൻപതോ തവണ മുൻപ് വന്നിട്ടുണ്ട്. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഞാൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മലബാർ ഭാഗത്ത് വരുമ്പോൾ പാണക്കാട് വരുന്നത് ഒരു മര്യാദയാണ്. ഇന്നും അത്തരത്തിൽ ഒരു സന്ദർശനമാണ്. നജീബ് കാന്തപുരത്തിന്റെ സിവിൽ സർവീസ് അക്കാദമിയിലെ ഒരു പരിപാടിക്ക് പോകുന്നതിനിടെയാണ് ഞാൻ ഇവിടെ വന്നത്. "
മുസ്ലിം ലീഗിൻ്റെ സൗഹൃദ സദസ്സുകളെ പുകഴ്ത്തിയ തരൂർ തൻ്റെ പിന്തുണയും പ്രഖ്യാപിച്ചു.. " നല്ലൊരു കാര്യമാണ് മുസ്ലിം ലീഗിന്റെ സൗഹൃദ സദസ്സുകൾ. ഇപ്പോൾ ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടെയെല്ലാം അത്തരം സദസ്സുകൾ ലീഗ് സംഘടിപ്പിച്ചു. ഇനി ഡൽഹിയിലും സംഘടിപ്പിക്കണം എന്നാണ് ഞാൻ അവരോട് നിർദ്ദേശിച്ചത്. എന്റെ പിന്തുണയും ഇതിനു ഉണ്ടാകും. " കോൺഗ്രസിലെ അപ്രഖ്യാപിത വിലക്ക് വിഭാഗീയ വിഷയങ്ങളിൽ തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. "ചെലരുപറയുന്നത് വിഭാഗീയതയാണ്, ഗ്രൂപ്പ് ഉണ്ടാക്കുന്നുണ്ട് എന്നൊക്കെയാണ്. ഗ്രൂപ്പ് ഉണ്ടാക്കാൻ സാധ്യതയുമില്ല താല്പര്യവുമില്ല. കോൺഗ്രസിനകത്ത് എ ഐ അങ്ങനെ ഉള്ള ഗ്രൂപ്പുകൾ ഉണ്ട്. ഇനിയൊരു അക്ഷരം വേണമെങ്കിൽ യു ആണ് വേണ്ടത്, യുണൈറ്റഡ് കോൺഗ്രസ് ആണ് ഞങ്ങൾക്ക് ആവശ്യം ".
മുസ്ലിം ലീഗിന് ശശി തരൂരുമായുളള ആത്മബന്ധം ദൃഢമാണെന്നും കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നില്ല എന്നും ലീഗ് നേതാക്കൾ പ്രതികരിച്ചു. " തരൂർ തന്നെ പറഞ്ഞല്ലോ എല്ലാം, ഇത് സൗഹൃദ സന്ദർശനം മാത്രം ആണ്.. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ ഒന്നും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല.." പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ സുധാകരന്റെ ആർഎസ്എസ് പ്രസ്താവനകളിൽ പരസ്യമായ അതൃപ്തി മുസ്ലിം ലീഗ് രേഖപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. പ്രസ്താവനകൾ മയപെടുത്തി ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് ലീഗ് പിന്നീട് പ്രസ്താവിച്ചു എങ്കിലും സുധാകരന്റെ പ്രസ്താവനകൾ ലീഗ് നേതാക്കളിലും അണികളിലും വലിയ അതൃപ്തി തന്നെ ഉണ്ടാക്കിയിരുന്നു. ഈ വിവാദങ്ങൾ ഉണ്ടാക്കിയ മുറിവുണങ്ങും മുൻപേ ആണ് ശശി തരൂരിന്റെ പാണക്കാട് സന്ദർശനം.
കോൺഗ്രസിലെ ഒരു വിഭാഗം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്നെ യുഡിഎഫിലെ പ്രബലകക്ഷിയായ മുസ്ലിം ലീഗ് ശശി തരൂരിനെ സ്വീകരിച്ചതിനും ചേർത്തു പിടിച്ചതിനും വലിയ രാഷ്ട്രീയ മാനം ഉണ്ട്. യുഡിഎഫിന്റെ നയരൂപീകരണത്തിൽ വലിയ സ്വാധീനമുള്ള മുസ്ലിം ലീഗ് ശശി തരൂരുമായി അടുക്കുന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് തീർച്ചയായും തലവേദന തന്നെ ആകും. പ്രത്യേകിച്ച് കെപിസിസി അധ്യക്ഷന്റെ തന്നെ പ്രസ്താവനകളിൽ ലീഗ് പരസ്യമായി തന്നെ അതൃപ്തി പ്രകടമാക്കിയ സമയത്ത്.
തരൂരിന് മലപ്പുറം ഡിസിസിയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. മലപ്പുറം ഡിസിസിയിൽ മുദ്രാവാക്യം വിളികളോടെ ആണ് പ്രവർത്തകർ ശശി തരൂരിനെ എതിരേറ്റത്. ഡിസിസി അധ്യക്ഷൻ വി എസ് ജോയ് തരൂരിനെ സ്വീകരിച്ചു. ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ എ പി അനിൽകുമാർ, കെപിസിസി ഭാരവാഹികളായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരുടെ അസാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു.