കോഴിക്കോട്: ആദിവാസി കോളനികള്‍ക്ക് പിന്നാലെ തോട്ടംമേഖലയിലും പ്രചാരണ പ്രവര്‍ത്തനം ഊർജിതമാക്കാനൊരുങ്ങി സിപിഐ മാവോയിസ്റ്റ് ദളങ്ങള്‍. കേരളത്തിലെ ആദിവാസി കോളനി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഉദ്ദേശിച്ചപോലെ ഫലപ്രദമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തോട്ടം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാവോയിസ്റ്റുകള്‍ നിര്‍ബന്ധിതമായതെന്ന് സംസ്ഥാന ഇന്റലിജന്‍സ്.
കബനി, നാടുകാണി ദളങ്ങളാണ് വയനാട്ടിലെ തേയിലതോട്ടം മേഖലയില്‍ പ്രചാരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാൻ ഒരുങ്ങുന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ആദിവാസികള്‍ നേരിടുന്നതിനേക്കാള്‍ വലിയ അരക്ഷിതാവസ്ഥയാണിപ്പോള് തോട്ടം മേഖലയില്‍. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങള്‍, തേയിലതോട്ടം മുറിച്ചുവില്‍പ്പന, ശമ്പളം ലഭിക്കാത്ത അവസ്ഥ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് സിപിഐ മാവോയിസ്റ്റ് സംഘടന തോട്ടംമേഖലയില്‍ ലഘുലേഖ വിതരണവും പോസ്റ്റര്‍ പതിക്കലുമൊക്കെയായി പ്രചാരണം ഊര്‍ജ്ജിതമാക്കുന്നത്.
സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഏഴുപേര്‍ കേരള വനാന്തരങ്ങളില്‍ വെടിയേറ്റ് മരിച്ചെങ്കിലും ലഘുലേഖ വിതരണം ഇപ്പോഴും നടക്കുന്നുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി മുണ്ടക്കൈയില്‍ കഴിഞ്ഞദിവസം വീണ്ടുമിറങ്ങിയ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോട്ടംതൊഴിലാളികള്‍ക്ക് പിന്തുണയര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച് മടങ്ങിയിരുന്നു. നാടുകാണി ദളം പ്രവര്ത്തകരാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൊഴിലാളികളുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനമണ്ഡലം തോട്ടംമേഖലയിലേക്ക് മാറ്റാനുള്ള സാധ്യത സംബന്ധിച്ച് മുമ്പും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിട്ട.എസ്പി സുഭാഷ് ബാബു പി ന്യൂസ് 18നോട് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മേപ്പാടി ഭാഗത്തെ ചില തോട്ടങ്ങള്‍ വ്യാപകമായി മുറിച്ചുവില്‍പ്പന നടത്തയിരുന്നു. ഇതേത്തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ നിരവധി. ശമ്പളം ലഭിക്കാതെ മേപ്പാടി ആയിഷാ പ്ലാന്റേഷനിലെ തൊഴിലാളികള്‍ സമരം ചെയ്തപ്പോഴും മാവോയിസ്റ്റ് ഇടപെടലുണ്ടായിരുന്നതായി ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.