കോഴിക്കോട്: യുഎപിഎ കേസ് വിവാദത്തിൽ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ രംഗത്ത്. തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. യുഎപിഎ കേസിൽ പാർട്ടിക്കും സർക്കാരിനും ഒറ്റ നിലപാടാണെന്നും പി. മോഹനൻ പറഞ്ഞു. 'സർക്കാരിന് നിയമപരമായ രീതിയിലാണ് പോകാൻ കഴിയുക. ആ നിലയിലാണ് മുഖ്യമന്ത്രി അതിനെ സംബന്ധിച്ച് പറഞ്ഞത്. അതിനെയാണ് മുഖ്യമന്ത്രിക്കെതിരെ പി. മോഹനൻ എന്നെല്ലാമുള്ള രീതിയിൽ വാർത്ത നൽകിയത്'- സിപിഎം ജില്ലാ സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
യുഎപിഎ കേസിൽ സർക്കാരിനും പാർട്ടിക്കും ഒരേ അഭിപ്രായമാണ്. കേസ് പരിശോധന സമിതിയുടെ മുന്നിൽ എത്തുമ്പോൾ യുഎപിഎ ഒഴിവാക്കപ്പെടണമെന്നാണ് പാർട്ടിയും സർക്കാരും നേരത്തെ വ്യക്തമാക്കിയത്. അലനും താഹയ്ക്കുമെതിരെ ചുമത്തിയ കേസിൽ ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. എന്നാൽ കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദ്ദം മൂലമാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
കേരളത്തിൽ യുഎപിഎ അനുസരിച്ച് 132 കേസുകൾ സിപിഎം നേതാക്കൾ ഉൾപ്പടെയുള്ലവർക്കെതിരായി എടുത്തത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. ചെന്നിത്തലയുടെ ഇപ്പോഴത്തെ ഇടപെടൽ നാടകം തികഞ്ഞ രാഷ്ട്രീയ തട്ടിപ്പ് മാത്രമാണെന്നായിരുന്നു താൻ പറഞ്ഞത്. എന്നാൽ അതെല്ലാം ഒഴിവാക്കി വാക്കുകളെ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കാനുള്ള ചില മാധ്യമങ്ങളുടെ താൽപര്യം എല്ലാവർക്കും മനസിലാകുമെന്നും പി. മോഹനൻ പറഞ്ഞു.
ജനുവരി 26ന് നടത്തുന്ന മനുഷ്യമഹാശൃംഖലയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് അലൻ-താഹ അറസ്റ്റുമായി ബന്ധപ്പെട്ട പി. മോഹനന്റെ പരാമർശം വിവാദമായത്. അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങളാണെന്നായിരുന്നു പി. മോഹനന്റെ പരാമർശം. അവർ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രിയുടെയും പി. ജയരാജന്റെയും വാദം തള്ളിയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.