ശൃംഖലയിൽ പങ്കെടുത്തതിന്റെ പേരിൽ ബഷീറിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് വി കെ സി മമ്മദ് കോയ പറഞ്ഞു. ബഷീറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നു. ശരിയായ ഒരു കാര്യം ചെയ്തതിന്റെ പേരിലാണ് ബഷീറിനെതിരെ മുസ്ലിം ലീഗ് നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയമായും അല്ലാതെയുമുള്ള പിന്തുണ നൽകുമെന്ന് വി കെ സി മമ്മദ് കോയ പറഞ്ഞു.
മുസ്ലിം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ സസ്പെൻഡ് ചെയ്തതിനെതിരെ ലീഗ് അണികളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മുൻ മന്ത്രി അഹമ്മദ് കുരിക്കളുടെ മരുമകനാണ് കെ എം ബഷീർ. കൂടാതെ കരുവൻതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മുസ്ലിം ലീഗിൽ കുടുംബപരമായ സ്വാധീനവും ബഷീറിനുണ്ട്. ഈ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.