പാലക്കാട്: രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണത്തിനെതിരെ നാട്ടുകാർ രംഗത്ത്. പയറ്റാം കുന്നം സ്വദേശി ശിവരാമനാണ് പ്രഭാത സവാരിക്കിടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. അപകട വിവരം അറിയിച്ചപ്പോൾ 'എന്തിന് നടക്കാൻ ഇറങ്ങി 'യെന്ന പ്രതികരണമാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
സുഹൃത്തുക്കൾക്കൊപ്പം ഒലവക്കോട് ധോണി റോഡിൽ നടക്കാനിറങ്ങിയതാണ് ശിവരാമൻ. പയറ്റാംകുന്നിന് സമീപമെത്തിയപ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി തൊട്ടടുത്ത പാടത്തേക്കിറങ്ങിയെങ്കിലും കാട്ടാന പിന്തുടർന്നെത്തി ചവിട്ടി കൊന്നു. മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.