കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പാര്‍ട്ടി അംഗങ്ങള്‍ അറസ്റ്റിലായതിനെത്തുടര്ന്നുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍ സിപിഎം ജനറല്‍ബോഡി യോഗങ്ങള്‍ ഇന്ന് തുടങ്ങും. തീവ്ര ഇടത്, ഇസ്ലാമിക പ്രസ്ഥാനങ്ങളോടുള്ള സിപിഎം നിലപാട് യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും. അതേസമയം അലനും താഹയ്ക്കുമായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് സമര്‍പ്പിക്കും.
അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും അറസ്റ്റിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തീവ്ര ഇടത്, ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള സിപിഎം നിലപാടും വിശദീകരിക്കാനാണ് പാര്‍ട്ടി ജനറല്‍ ബോഡി യോഗങ്ങള്‍. ലോക്കല്‍ കമ്മിറ്റി തലത്തിലാണ് യോഗങ്ങള്‍. പാര്‍ട്ടി അംഗങ്ങളുടെ മാവോയിസ്റ്റ് അനുഭാവം തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചെന്നും ഇത് ആവര്‍ത്തിക്കരുതെന്നും റിപ്പോര്‍ട്ട് ചെയ്യും. സിപിഎം അംഗങ്ങളായിരിക്കെ തന്നെ അലനും താഹയും മാവോയിസ്റ്റ് അനുകൂല പരിപാടികളില്‍ പങ്കെടുത്തെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. അതേസമയം അലനും താഹയ്ക്കുമെതിരായ നടപടി വൈകുന്നത് ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തിക്കഴിഞ്ഞു.
സൗത്ത് ഏരിയാ കമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം അലനും താഹയ്ക്കുമെതിരെ നടപടിയെടുത്താല്‍ മതിയെന്നാണ് സിപിഎം തീരുമാനം. ഈ മാസം 20ന് മുന്‍പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രണ്ടു പേരെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ സമര്‍പ്പിക്കും. നേരത്തെ ശേഖരിച്ച തെളിവുകള്‍ക്ക് പുറമേ മൊബൈല്‍ ഫോണുകളില്‍ നിന്നും താഹയുടെ ലാപ്ടോപ്പില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും കസ്റ്റഡി അപേക്ഷ.