ജാതി വോട്ട്: എന്‍എസ്എസിനെതിരേയുള്ള പരാതിയില്‍ നിന്ന് പിന്മാറി സിപിഎം
അകല്‍ച്ച കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നു വിലയിരുത്തല്‍
(റിപ്പോർട്ട് - വി വി അരുൺ)
News18 Malayalam | November 27, 2019, 4:23 PM IST
1/ 4
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ടുപിടിച്ചെന്ന എന്സ്എസിനെതിരേയുള്ള പരാതിയില്‍ നിന്ന് സിപിഎം പിന്മാറുന്നു. തെളിവു നല്കാന് സിപിഎമ്മും മറ്റു രണ്ടു പരാതിക്കാരും തയാറാകാത്തതിനെ തുടര്‍ന്ന് കേസില്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നു. പരാതിക്കാര്‍ തെളിവു നല്കാത്തതിനാല് കേസ് മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം അന്തിമതീരുമാനമെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. എന്‍എസ്എസുമായുള്ള അകല്‍ച്ച കുറയ്ക്കുന്നതിന്റെ ഭാഗമാണ് സിപിഎമ്മിന്റെ നിലപാട് മാറ്റം.
2/ 4
വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എന്‍എസ്എസ് സമദൂരം വെടിഞ്ഞ് ശരിദൂരം പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ കുറ്റപ്പെടുത്തിയുള്ള വാര്ത്താക്കുറുപ്പിലൂടെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സംഘടനയുടെ ദൂരമാറ്റം പ്രഖ്യാപിച്ചത്. ശരിദൂരം യുഡിഎഫിനുള്ള പരസ്യ പിന്തുണയാണെന്ന വ്യാഖ്യാനങ്ങള്‍ എന്‍എസ്എസ് തള്ളിക്കളഞ്ഞുമില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ വിശദീകരിച്ച എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന് യുഡിഎഫിന് പരസ്യ പിന്തുണയാണ് പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിന്റെ വിജയത്തിന് പരസ്യമായി രംഗത്തിറങ്ങാന്‍ താലൂക്ക് യൂണിയന് എം.സംഗീത്കുമാര്‍ ആഹ്വാനം ചെയ്തു. വനിതാ സ്ക്വാഡിനെ അടക്കം രംഗത്തിറക്കി വീടുകയറി വോട്ടുറപ്പിക്കാനും എന്‍എസ്എസ് ശ്രമിച്ചു. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് എന്‍എസ്എസിനെതിരേ പരസ്യ നിലപാടെടുക്കാന്‍ സിപിഎം തയാറായത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമന് എന്‍എസ്എസിനെതിരേ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി.
3/ 4
ജാതി പറഞ്ഞുള്ള എന്‍എസ്എസിന്റെ വോട്ട് പിടിത്തം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്നായിരുന്നു പരാതി. തുടര്‍ന്നായിരുന്നു പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ടിക്കാറാം മീണ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. പലതവണ തെളിവു ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും പരാതിക്കാര്‍ തെളിവു നല്‍കിയില്ലെന്നും ഈ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ കഴിയമില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസില്‍ നടപടികള്‍ അവസാനിപ്പിക്കാനാണ് സാധ്യത. എന്‍എസ്എസ് പരസ്യമായി യുഡിഎഫിനു വേണ്ടി ഇറങ്ങിയത് ഇടതുസ്ഥാനാര്‍ഥിയുടെ സാധ്യതയെ ബാധിക്കുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ടായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ ശക്തമായ പ്രത്യാക്രമണം സിപിഎം നടത്തുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കമുള്ളവര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരേ രംഗത്തുവന്നു. ആ തന്ത്രം വിജയിച്ചുവെന്നും എന്‍എസ്എസ നേതൃത്വത്തിന്റെ നിലപാടുകളെ തള്ളിക്കളഞ്ഞ് നായര്‍ സമുദായം വി.കെ.പ്രശാന്തിന് വോട്ട് ചെയ്തുവെന്നും സിപിഎം പിന്നീട് വിലയിരുത്തി.
4/ 4
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് സിപിഎമ്മും എന്‍എസ്എസുമായി ശത്രുതയിലാകുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസ രംഗത്തെടുത്ത പല തീരുമാനങ്ങളും എന്‍എസ്എസിനെ അകറ്റി. ഈ അകല്‍ച്ച തുടരാന്‍ സിപിഎം ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തം. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിലെ മാറിയ നിലപാടുകളും എന്‍എസ്എസിന്റെ പിണക്കം മാറ്റുമെന്ന പ്രതീക്ഷ സിപിഎമ്മിന് നല്കുന്നു. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പിന് തിരുപ്പതി മോഡല്‍ അഥോറിറ്റി രൂപീകരിക്കുന്ന കാര്യത്തിലും എറക്കുറെ സമാന നിലപാടാണ് സര്‍ക്കാരിനും എന്‍എസ്എസും. എന്‍എസ്എസിന്റെ എതിര്‍പ്പും ശത്രുതയും കുറയക്കാനുള്ള പരാമവധി അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനു നല്കിയ പരാതിയില്‍ നിന്നുള്ള പിന്നാക്കം പോക്കും ഈ തന്ത്രത്തിന്റെ ഭാഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പു എന്‍എസ്എസുമായുള്ള നല്ല ബന്ധം പുനസ്ഥാപിക്കാനാണ് സിപിഎം ശ്രമം.