തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതെന്ന് സുപ്രീംകോടതി കണ്ടെത്തിയ മരടിലെ അംബര ചുംബികളായ നാല് ഫ്ളാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്. ഈ നാല് ഫ്ളാറ്റുകൾ പൊളിച്ചതോടെ എല്ലാം ശുഭമായി എന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. നിയമലംഘനം നടത്തി കെട്ടിയുയർത്തിയ കെട്ടിടങ്ങളെല്ലാം മരട് മാതൃകയിൽ പൊളിച്ചുനീക്കണമെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചുനിന്നാൽ സംസ്ഥാന സർക്കാർ കുഴയും.
സംസ്ഥാനത്തെ തീരദേശങ്ങളിൽ 1800ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ട ഗുരുതരസാഹചര്യമെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അനധികൃത നിർമാണത്തെക്കുറിച്ച് സുപ്രീംകോടതി കേരളത്തോട് റിപ്പോർട്ടുതേടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന ഈ ണ്ടെത്തൽ. അനധികൃത നിർമാണങ്ങളുടെ പട്ടിക തയാറാക്കാൻ തദ്ദേശവകുപ്പ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
മരട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്ളാറ്റുകൾക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത നിർമാണങ്ങൾ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അത്തരം പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് ഇനി ഇളവുനൽകാനാകില്ലെന്ന് സെപ്റ്റംബറിൽ ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു.
തീരദേശപരിപാലന നിയമത്തിൽ പിന്നീട് ഭേദഗതി വന്നെങ്കിലും കെട്ടിടനിർമാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്ളാറ്റുകളുടെ കാര്യത്തിൽ ബാധകമായത്. ഭേദഗതിയനുസരിച്ച് നിർമാണാനുമതിയുള്ള മേഖലയിലാണ് ഇപ്പോൾ ഈ ഫ്ളാറ്റുകൾ. എന്നാൽ, ഭേദഗതിയിൽ പരിസ്ഥിതിവകുപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും സർക്കാർ അംഗീകരിക്കുകയും വേണം.
മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് തലേദിവസം തന്നെ, സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന ഉത്തരവും വന്നിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായലിലെ നെടിയതുരുത്തിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കണമെന്നായിരുന്നു ഉത്തരവ്. റിസോർട്ട് പൊളിച്ചുനീക്കണമെന്ന 2013ലെ കേരള ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.