തിരുവനന്തപുരം: കോവളത്തെ കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സാംസ്കാരിക, പൈതൃക, പരിസ്ഥിതി ടൂറിസം പഠനഗവേഷണകേന്ദ്രവും കലാവതരണകേന്ദ്രവും ഒരുങ്ങുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ടാന്‍ജിബിള്‍ ആന്‍ഡ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജു(NCTICH)മായി സഹകരിച്ചാണ് കേന്ദ്രം ആരംഭിക്കുക. സംയുക്തസംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ക്രാഫ്റ്റ് വില്ലേജില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും സാംസ്ക്കാരികമന്ത്രി സജി ചെറിയാനും ചേര്‍ന്നു നിര്‍വ്വഹിച്ചു. അന്യംനിന്നു പോകുന്നതടക്കമുള്ള പൈതൃകകലകള്‍ സംരക്ഷാക്കാനും പോഷിപ്പിക്കാനും പ്രചരിപ്പിക്കാനും അവയുടെ അവതരണത്തിനു വേദിയൊരുക്കാനും ഈ സഹകരണത്തിലൂടെ കഴിയുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
'കേരളത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകം വേണ്ടത്ര ആഴത്തില്‍ പഠിച്ച് പ്രയോജനട്ടത്താന് നമുക്ക് കഴിഞ്ഞിട്ടില്ലെന്നും ആ വഴിയുള്ള വിപുലമായ പരിശ്രമങ്ങള്‍ക്കു സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണെന്നും കേരളീയകലാരംഗത്ത് മഹത്തായ സംഭാവന നല്‍കിവരുന്ന ആയിരക്കണക്കിനു കലാകാരികളെ കണ്ടെത്തി ടൂറിസം രംഗവുമായി ബന്ധപ്പെടുത്തി വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്' സാംസ്്കാരികമന്ത്രി സജി ചെറിയാന് പറഞ്ഞു.
സംസ്കാരത്തിന്റെ മടിത്തട്ടുകളായ നദികള്‍ കേന്ദ്രീകരിച്ചുള്ള വിപുലമായ സാംസ്കാരിക, പൈതൃക ടൂറിസം പദ്ധതികള്‍ ആലോചിക്കുന്നു. പമ്പയിലാണ് ആദ്യം പദ്ധതി തുടങ്ങുക. ക്യാമ്പസുകളെയും ഈ രംഗവുമായി ബന്ധിപ്പിച്ച് പദ്ധതികള്‍ ആവിഷ്കരിക്കും. കേരളീയകലകളുടെ അവതരണങ്ങള്‍ ആര്‍ക്കൈവ് ചെയ്യുന്ന ബൃഹത്തായ പദ്ധതി ആവേശകരമായി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
ബൈപ്പൂരില് തുടങ്ങി തിരൂര്‍ വഴി തൃത്താലയിലേക്കുള്ള ലിറ്റററി സര്‍ക്കീട്ട് നടപ്പാക്കുന്നതും നിരവധി പദ്ധതികള്‍ മലബാര്‍ - മലനാട് ക്രൂസ് പദ്ധതിയിലെ ആര്‍ട്ട് ഗ്യാലറിയും തെയ്യം കലയും ഉള്‍പ്പെടുത്തുന്നതും അടക്കം സാംസ്കാരികവകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പു നടപ്പാക്കാന്‍ പോകുകയാണ്. കാരവന് പാര്‍ക്കുകള്‍ സാംസ്കാരിക ഹബ്ബുകളാക്കി മാറ്റും. സിനിമ ഷൂട്ടിങ്ങുകള്‍ നടന്ന ലൊക്കേഷനുകളും മറ്റും ഉള്‍പ്പെടുത്തിയുള്ള ടൂറിസം പദ്ധതികളും ആലോചനയിലുണ്ടെന്ന് റിയാസ് പറഞ്ഞു.
കലാകരകൗശലമേഖലകളിലുള്ളവര്ക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും അന്യംനില്ക്കല്ഭീഷണി നേരിടുന്ന കരകൗശലങ്ങളും കലകളും സംരക്ഷിക്കാനും സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനമാണ് കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്. പൈതൃകകലകളുടെ സംരക്ഷണവും വികസനവും പ്രചാരണവും ലക്ഷ്യമാക്കി സംസ്ഥാന സാംസ്ക്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് കണ്ണൂര്‍ തലശ്ശേരിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ടാന്‍ജിബിള്‍ ആന്‍ഡ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് (തെയ്യം കലാ അക്കാദമി.).
ലോകവനിതാദിനമായ മാര്‍ച്ച് 8-ന് വില്ലേജില്‍ ആരംഭിച്ച വേള്‍ഡ് ഓഫ് വിമന്‍ 2022-ന്റെ 'WOW Women's Week)- സമാപനസമ്മേളനവും മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്തു. എന്സിറ്റിഐസിഎച്ഛിന്റെ വനിതാപുരസ്കാരങ്ങള് സ്മൃതി പരുത്തിക്കാട്, മീനാക്ഷി ജോഷി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവര്‍ക്കു മന്ത്രിമാര്‍ സമ്മാനിച്ചു. പ്രമുഖ മോഹിനിയാട്ടനര്‍ത്തകി കലൈമാമണി ഗോപിക വര്‍മ്മയുടെ 'ഛായാമുഖി'യും രാജലക്ഷ്മി സെന്തിലും ചിത്ര അയ്യരും നയിച്ച സംഗീതരാവും അരങ്ങേറിയ കലാസന്ധ്യയോടെ വനിതാവാരത്തിനു തിരശീലവീണു.