സംസ്ഥാനത്ത് ഇന്ന് ഒൻപതു പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് 2,എറണാകുളം 3,പത്തനംതിട്ട 2 ,ഇടുക്കി, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദുബായിൽ നിന്നു വന്ന നാലു പേർക്കും ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ പകർന്നതായും മുഖ്യമന്ത്രി.
സംസ്ഥാനത്ത് 76,542 പേർ നിരീക്ഷണത്തിലുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. 76010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 122 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി അടച്ചിടാമെന്നും മുഖ്യമന്ത്രി. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആൾക്കുട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സാനിറ്റൈസറുകളും എട്ടുവിഭാഗം മരുന്നുകളും ഉത്പാദിപ്പിക്കാൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കലിന് ടെൻഡർ നടപടിയിൽ ഇളവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം.
ഇതുവരെയുള്ള പരിശോധനാ ഫലം വന്നതിൽ നിന്നും പന്ത്രണ്ട് പേർക്ക് കോവിഡ് മുക്തരായെന്നും മുഖ്യമന്ത്രി പറഞ്ഞു. 4902 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 3462 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു സ്ഥിരീകരിച്ചു. 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശ ഇന്ത്യക്കാർ. എട്ടുപേർ വിദേശികളാണ്, 19 പേർക്ക് സമ്പർക്കത്തിലൂടെ പകർന്നുവെന്നും പിണറായി വിജയൻ.ചിത്രം
പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുമാസത്തെ ക്ഷേമപെൻഷൻ 27മുതൽ വിതരണം ചെയ്യും. ആയിരം ഭക്ഷണശാലകൾ ഉടൻ ആരംഭിക്കും. ഇതിലൂടെ ഹോം ഡെലിവറി സൗകര്യം ഒരുക്കും. പ്രളയകാലത്ത് വീടുകളിൽ നിന്നു പുറത്തുവരാൻ ആണ് പറഞ്ഞത്. അന്ന് ആ നിർദേശം ലംഘിച്ചവർക്കു പിന്നീട് വലിയ പ്രയാസമുണ്ടായി. ഇന്നു വീട്ടിനുള്ളിൽ കഴിയാനാണ് നിർദേശിക്കുന്നത്. അതുലംഘിക്കുന്നവർക്കു വലിയ പ്രയാസമുണ്ടാകും-മുഖ്യമന്ത്രി പറഞ്ഞു.
എല്ലാപ്രദേശത്തും ഒരുവിഭാഗം സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവരാണ്. ഇങ്ങനെയുള്ളവർക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്. കേരളത്തിൽ ആരും അവശതയുടെ ഭാഗമായി പട്ടിണി കിടക്കാൻ ഇട വരരുത്.അവശകുടുംബങ്ങളിൽ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്ക്. ഓരോ പഞ്ചായത്തിലും അവശർക്കു ഭക്ഷണം നൽക്കാൻ സമൂഹ അടുക്കള ഉണ്ടാക്കണം- മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനെതിരെ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ടാക്സി ഡ്രൈവർക്ക് രോഗബാധ ഉണ്ടായത് വൈറസ് ബാധിച്ചയാൾക്കൊപ്പം യാത്ര ചെയ്തതിനെ തുടർന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും അതിലേക്ക് കടക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി.