ട്രാഫിക് പൊലീസ് പൊതുജനസൗഹൃദമാക്കാനും ഗതാഗത നിയന്ത്രണത്തിന് ആധുനികസാങ്കേതികവിദ്യ ഉപയോഗിക്കാനും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാരം കാണുന്നതിനുമായി പൊലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗതപ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കുന്നതിന് മൊബൈല്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തും. ഇതുവഴി ആര്‍ക്കും ഗതാഗതനിയമലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അധികൃതര്‍ക്ക് എത്തിക്കാം. തുടര്‍ന്ന് പിഴ നിശ്ചയിച്ച് അതിനുള്ള നോട്ടീസ് വാഹനഉടമയ്ക്ക് അയച്ചു നല്‍കും. ഈ സംവിധാനം ഏതാനും മാസത്തിനകം നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു.
ഇവ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആര്.ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. പൊതുജനങ്ങള്‍ നല്കിയ നിര്ദ്ദേശങ്ങളിന്മേല് മൂന്നുമാസത്തിനകം നടപടി സ്വീകരിക്കും. നയപരമായ തീരുമാനം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കും. ചര്‍ച്ചയില്‍ പരിഗണിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നന്ദി അറിയിച്ചു.
ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങളുമായി പൊതുജനം - ഗതാഗതപ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ ഏറെയും ശ്രദ്ധേയമായി. ജനപ്രതിനിധികള്‍, മുതിര്‍ന്ന പൗരന്മാര്, വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു.
കടകള്‍ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതുമൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വന്‍ വ്യാപാരസ്ഥാപനങ്ങളിലെ പാര്‍ക്കിംഗ് സംവിധാനം പാര്‍ക്കിംഗിന് ഉപയോഗിക്കാതെ വാടകയ്ക്ക് കൊടുക്കുന്നതും ചര്‍ച്ചാവിഷയമായി. ഇടറോഡുകളിലെ അനധികൃത പാര്‍ക്കിംഗ്, വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുമ്പോള്‍ ഓവര്‍ ടേക്കിംഗ് ചെയ്ത് മുന്നില്‍ കയറുന്നത് മുതലായവ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് സര്‍ക്കുലര്‍ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും തിരുവല്ലം ക്ഷേത്രത്തിന് മുന്നില്‍ രാവിലെ അനുഭവപ്പെടുന്ന ഗതാഗത തടസ്സത്തിന് പരിഹാരം കാണണമെന്നും ആവശ്യം ഉയര്‍ന്നു. ഫുട് പാത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ മുതിര്‍ന്ന പൗരന്മാര് ചൂണ്ടിക്കാട്ടി.
ഈഞ്ചയ്ക്കല്‍, അട്ടക്കുളങ്ങര, പൂജപ്പുര, തിരുമല, ശ്രീകാര്യം, ഉള്ളൂര്‍ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടു. സ്കൂള്‍ മതില്‍ക്കെട്ടിനകത്ത് ധാരാളം പാര്‍ക്കിംഗ് സൗകര്യമുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ട് പലരും ചൂണ്ടിക്കാട്ടി.