തൃശൂർ: കൊടുങ്ങല്ലൂർ ഭരണി മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി നടത്തുന്നതിന് ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അനുമതി നൽകി. ഭരണി ദിവസമായ മാർച്ച് 18 ന് മറ്റു ജില്ലകളിൽ നിന്നും വരുന്ന ഭക്തജനങ്ങളുടെ തിരക്ക് കുറക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാമെന്ന് യോഗത്തിൽ പങ്കെടുത്ത കോമര കൂട്ടങ്ങളുടെ പ്രതിനിധികളും തമ്പുരാന്റെ പ്രതിനിധിയും അറിയിച്ചു.
ഇതനുസരിച്ച് ജനതിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്രദർശനത്തിനു വരുന്ന വിശ്വാസികൾ ദർശനത്തിനു ശേഷം പടിഞ്ഞാറേ നടവഴി പുറത്തേക്ക് പോകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ വളണ്ടിയേഴ്സിനെ നിയോഗിക്കുന്നതിനും കൊച്ചിൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ റൂറൽ എസ് പി ജി പൂങ്കുഴലി, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സാജൻ സേവിയർ, ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി ആർ രാജേഷ്, കൊടുങ്ങല്ലൂർ തഹസിൽദാർ എം സി ജ്യോതി,അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ കെ സുനിൽകുമാർ ഐ എസ് എച്ച് ഒ സോണി മാത്യു,ഡെപ്യൂട്ടി ഡി എം ഒ ഡോ സതീഷ് നാരായണൻ, തമ്പുരാന്റെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.