ആലപ്പുഴ: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അക്രമണത്തിനിരയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജിവെക്കുന്നതായി മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യൂ. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്ക് ശേഷം രാഹുല്‍ പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.ഈ കഴിഞ്ഞ മെയ് പതിനാലിനാണ് മരിച്ച രോഗിയുടെ പൊലീസുകാരനായ മകന് അഭിലാഷ് ചന്ദ്രന് അടക്കമുള്ളവര്‍ രാഹുലിനെ മര്‍ദ്ദിക്കുന്നത്. സംഭവം ഡോക്ടര്‍ ഇങ്ങനെ വിവരിക്കുന്നു
മേയ് 14 ന് വാർഡിലെ ഡ്യൂട്ടി സമയത്ത് പുലർച്ചെ 4.21 ന് കാഷ്വാലിറ്റിയിൽ വലിയ ബഹളം കേട്ടു, അതേ സമയത്ത് കാഷ്വാലിറ്റി എംഒയുടെ കോളും വന്നു. ഫുൾ പിപിഇ കിറ്റ് ഇടാൻ സമയം ഇല്ലാത്തതു കൊണ്ട് സർജിക്കൽ ഗൗണും ഡബിൾ ഗ്ലൗവ്സും മാസ്ക്ക് ഷീൽഡും വച്ച് ഞാൻ അവിടെ ചെന്നു. വല്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ. ഒരു രോഗി കട്ടിലിൽ കിടക്കുന്നു. ചുറ്റും മൂന്നുനാലു പേരുണ്ട്. കസേരകളും മേശയും മറിച്ച് ഇട്ടിരിക്കുന്നു. രോഗിയുടെ കൂടെയുള്ള ആൾ എന്നോടു പറഞ്ഞു, ‘‘നീ ആദ്യം ജീവനുണ്ടോ എന്ന് നോക്കൂ. വേറേ കൂടുതലൊന്നും ചെയ്യാൻ നിൽക്കണ്ട, ബാക്കി പണി ഞങ്ങൾ ചെയ്തോളാം". അവരുടെ കൂടെ ഉണ്ടായിരുന്ന ആൾ ഹരിപ്പാട് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റാണ്, അതൊരു കോവിഡ് ആശുപത്രിയാണ്. ഇവിടെ ഡോക്ടർ ഇല്ലേ എന്നൊക്കെ ആ സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു. രോഗിയെ കൊണ്ടു വന്നപ്പോൾത്തന്നെ ഡോക്ടർ അവിടെ ഇല്ല എന്ന രീതിയിലായിരുന്നു അവർ സംസാരിക്കുന്നത്.
വാർധക്യ രോഗങ്ങളുമായി കിടപ്പായിരുന്ന രോഗിയായിരുന്നു. കോവിഡ് പോസീറ്റിവായെന്നു പറഞ്ഞ് മുമ്പ് ആശുപത്രിയിലേക്കു വിളിച്ചപ്പോൾ അവരെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞിരുന്നു. ബാത്ത്റൂമിൽ പോകാൻ ബുദ്ധിമുട്ടാണ്, അച്ഛനും അമ്മയും പോസിറ്റീവാണ്, അതുകൊണ്ട് ഞങ്ങൾ വീട്ടിൽത്തന്നെ ഇരുന്ന് നോക്കുകയാണെന്നായിരുന്നു അവരുടെ മറുപടി. അവരുടെ കൈയിൽ പൾസ് ഓക്സി മീറ്റർ ഉണ്ടായിരുന്നു. തലേ ദിവസം നോക്കുമ്പോൾ മീറ്ററിൽ 75 ഒക്കെയെ കാണുന്നുള്ളു. ഇവർ ആരെയോ വിളിച്ചു ചോദിച്ചു. അവർ പറഞ്ഞു കമിഴ്ത്തി കിടത്തൂ, ചൂടുവെള്ളം കൊടുക്കൂ, ആവി പിടിക്കൂ എന്നൊക്കെ. അതൊക്കെ ചെയ്തിട്ടും പന്ത്രണ്ട് മണിയോടു കൂടി ഓക്സി മീറ്ററിൽ റെക്കോർഡിങ് കാണുന്നില്ല. ആ സമയത്താണ് ഈ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ഭർത്താവ് ശ്രമിക്കുന്നത്. ആംബുലൻസ് എത്താൻ താമസിക്കുയും ചെയ്തു. ഇതൊക്കെ ആ സമയത്ത് അവരുടെ ഭർത്താവ് തന്നെ എന്നോടു പറഞ്ഞതാണ്. ‘സാർ ഒന്ന് നോക്ക്, ജീവൻ രക്ഷിക്കാൻ പറ്റുമെങ്കിൽ നോക്കൂ’ എന്നു പറഞ്ഞു. ഞാൻ നോക്കുമ്പോൾ ആൾ മരിച്ചിരുന്നു. മരിച്ചയാളെ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ. ക്വാറന്റീനിൽ ഇരുന്ന രോഗിയുടെ കോവിഡ് മരണമാണെന്ന് പൊലീസിൽ അറിയിച്ചു.
അപ്പോൾ കൂടെയുള്ളയാൾ ‘വിഡിയോ എടുക്കടാ’ എന്ന് പറയുന്നുണ്ട്. നീ തിരിച്ച് അടിച്ചോ എന്നും പറയുന്നുണ്ട്. അടിക്കാൻ വരുന്ന ആൾ തിരിച്ചടിച്ചോ എന്നു പറയുന്നത് ശരിയല്ല എന്നു തോന്നി, സംയമനം പാലിച്ച്, ദേഹത്തു തൊട്ടത് ശരിയായില്ല എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി എന്നെ പ്രകോപിപ്പിച്ച്, തിരിച്ചടിക്കുന്ന ഒരു വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മാധ്യമ വിചാരണയ്ക്കുള്ള ശ്രമമാണെന്ന്.കൊല്ലത്ത് ഇതുപോലെയൊരു ഡോക്ടറുടെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതിനെത്തുടർന്ന് എന്റെ സുഹൃത്തായ ഡോക്ടർ ആത്മഹത്യ ചെയ്യുകയുണ്ടായി. നമ്മുടെ കരിയറും ജോലിയും എല്ലാം നശിപ്പിക്കുക എന്ന കൃത്യമായ പ്ലാനിങ്ങോടെ നടന്ന ഒരു സംഭവമാണ്. അല്ലാതെ വൈകാരികതയുടെ പുറത്ത് അങ്ങനെ സംഭവിച്ചതല്ല, വൈകാരികതയുടെ പുറത്താണെങ്കിലും അത് സമ്മതിച്ചു കൊടുക്കാൻ പാടില്ല. വൈകാരികത നിയന്ത്രിക്കാൻ മനുഷ്യരായ നമ്മൾ പഠിക്കണമല്ലോ? ഇത് പൊലീസിൽ അറിയിച്ചു, പൊലീസ് വന്ന് എഫ്ഐആർ ഇട്ടു. കേസ് റജിസ്റ്റർ ചെയ്ത് ആളെ കൊണ്ടുപോയി. പ്രൈമറി കോണ്ടാക്റ്റായതു കൊണ്ട് അറസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു. ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവായി.
കഴിഞ്ഞ മാസം 14 ന് നടന്ന സംഭവമാണ്. ആന്റിസിപ്പേറ്ററി ബെയിലിനുവേണ്ടി അദ്ദേഹം ഹൈക്കോടതിയിൽ അപേക്ഷിച്ചിരുന്നു. ആറ് ദിവസം മുൻപാണ് കേസ് എടുത്തത്, വിധി പറഞ്ഞിട്ടില്ല, അറസ്റ്റ് ചെയ്യരുത് എന്ന് അപേക്ഷിച്ചു കൊണ്ടുള്ള പ്ലീഡിങ് കോടതി തള്ളിക്കളഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ അദ്ദേഹം ഒളിവിലാണ്.ഇത്തരം കാര്യങ്ങളിൽ നീതി വൈകിപ്പിക്കുന്നത് അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തും.
രാഹുലിനെ മർദ്ധിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലിസുകാരൻ കൂടിയായ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റ പേരിൽ നീതി നിഷേധിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി താൻ രാജി വെക്കുന്നതായി രാഹുൽ ഫേസ്ബുക്കിലൂടെ അറിയിച്ചത്.ഇടത് സഹയാത്രികനായി പഠന കാലത്തും ഇപ്പോഴും നിലയുറപ്പിച്ച് നിൽക്കുന്ന താൻ നീതികേടിലും വഞ്ചനയിലും വളരെയധികം വിഷമിക്കുന്നതായും പറയുന്നു. സഖാക്കൾ ജീവിച്ച് പോകാൻ അനുവദിക്കണമെന്ന് സഹായിയില്ലെങ്കിലും ഉപദ്രവിക്കരുതെന്നുമാണ് യുവ ഡോക്ടറുടെ അഭ്യർത്ഥന. രാഹുലിനെ അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഡോക്ടർമാർ സമരം നടത്തിയിരുന്നു