തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് വീട്ടിൽ വൈൻ ഉണ്ടാക്കുന്നതിന് തടയിടാൻ എക്സൈസ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നക്. വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് കുറ്റകരമാണെന്നും അബ്കാരി നിയമപ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണെന്നും എക്സൈസ് ഓർമിപ്പിക്കുന്നു. ഹോംമെയ്ഡ് വൈൻ വിൽപനക്കുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്.
വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്നവരും കുറവല്ല. ഇതു കണക്കിലെടുത്താണ് മുന്നറിയിപ്പ്. സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്പത് ലിറ്റര്‍ പിടികൂടി. വീട്ടിലെ താമസക്കാരനായ യുവാവ് റിമാൻഡിലുമായി.
ക്രിസ്മസ്, പുതുവത്സര കാലത്ത് മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കിയെന്നും നടപടികള്‍ കര്‍ശനമാക്കിയെന്നും എക്സൈസ് സര്‍ക്കുലറിൽ പറയുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. വ്യാജ വാറ്റ് തടയാനും അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയുള്ള ലഹരി കടത്ത് തടയാനും നടപടിയെടുത്തതായി എക്സൈസ് വ്യക്തമാക്കുന്നു.
ജില്ലാതലം മുതല്‍ കണ്ട്രോള് റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവരശേഖരണത്തിനായി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവുമായി നിരന്തരം ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.