കൊച്ചി: ഗുരുതരമായി പൊളളലേറ്റ രണ്ട് കുട്ടികളെ കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ഗംഗൈ ആശുപത്രിയിൽ എത്തിച്ചു. പോലീസ് എസ്കോർട്ടോടുകൂടി പുറപ്പെട്ട ആംബുലൻസുകൾ രണ്ടേകാൽ മണിക്കൂർ കൊണ്ടാണ് കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയത്. വഴി നീളെ ഗതാഗതം നീയന്ത്രിച്ച് കേരള, തമിഴ്നാട് പോലീസ് ആംബുലൻസിന് സുഗമമായി കടന്നു പോകാൻ വഴിയൊരുക്കി. രണ്ട് കുട്ടികളിൽ മൂത്ത കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കോയമ്പത്തൂർ ഗംഗൈ ആശുപത്രി അധികൃതർ അറിയിച്ചു. എൽ.പി.ജി.ഗ്യാസ് ലീക്കിനെ തുടർന്ന് തീ പടർന്നാണ് കുട്ടികൾക്ക് പൊള്ളലേറ്റത്. രണ്ടു പേർക്കും അൻപത് ശതമാനത്തോളം പൊള്ളലുണ്ട്. ഇവർക്കൊപ്പം പൊള്ളലേറ്റ മാതാവ് നിമ്മി ഇന്നലെ പുലർച്ചെ മരിച്ചു. 34 വയസായിരുന്നു. കാലടിയിലെ പോലീസ് ഉദ്യോസ്ഥനായ സെബി ഔസേപ്പിന്റെ ഭാര്യയാണ് നിമ്മി. ഇദ്ദേഹം വീട്ടിലില്ലായിരുന്ന സമയത്താണ് സംഭവം നടന്നത്.