കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രഹിം കുഞ്ഞിനും മകനുമെതിരെ പരാതിയുമായി മുസ്ലിംലീഗ് എറണാകുളം ജില്ലാ നേതാക്കള്‍. ജില്ലാ നേതൃത്വത്തിനെതിരെ വ്യാജരേഖ ചമയക്കാന്‍ ഇബ്രാഹിം കുഞ്ഞും മകനും ശ്രമിച്ചുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈദ്രാലി ശിഹാബ് തങ്ങള്‍ക്കും മുസ്ലിംലീഗ് ഉന്നതാധികാര സമിതിക്കും ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
വി.കെ ഇബ്രാഹിം കുഞ്ഞും മകന് വി.ഇ അബ്ദു ഗഫൂറും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉള്‍പ്പെടെ അഞ്ച് നേതാക്കളെ വ്യാജരേഖ ചമച്ച് കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരാതി. ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റിയിലെ പന്ത്രണ്ട് പേരാണ് പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി അടക്കം ഉന്നതാധികാര സമിതി അംഗങ്ങള്‍ക്ക് പരാതി നല്‍കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാതിക്കാരനായ ഗിരീഷ് ബാബുവിനെ ഇബ്രാഹിം കുഞ്ഞും മകനും നേരില്‍ക്കണ്ട് വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇബ്രാഹിം കുഞ്ഞിനെതിരായ കേസിന് പിന്നില്‍ കെ.എസ് ഹംസയും എറണാകുളത്തെ ചില ലീഗ് നേതാക്കളുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഗിരീഷ് ബാബുവിനെ ഇബ്രാഹിം കുഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പണം വാഗ്ദാനം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളും ശബ്ദ സന്ദേശങ്ങളും സംഘം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങള്‍ക്ക് കൈമാറി. പരാതി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്ന് ഹൈദരാലി തങ്ങള്‍ അറിയിച്ചതായി ലീഗ് നേതാക്കള്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്മാറാനും പരാതിക്ക് പിന്നില്‍ എറണാകുളത്തെ ചില ലീഗ് നേതാക്കളാണെന്ന് വെളിപ്പെടുത്താനും ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തതായി നേരത്തെ ഗിരീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
കള്ളപ്പണക്കേസില്‍ ഉയര്‍ന്ന ആരോപണം മാത്രമല്ല, പാര്‍ട്ടിയെ മറയാക്കി ചില നേതാക്കള്‍ നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും എറണാകുളം ജില്ലാ കമ്മിറ്റി ഉന്നതാധികാരസമിതി അംഗങ്ങളോട് പരാതിപ്പെട്ടിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെതിരായ വിജിലന് കേസിനെച്ചൊല്ലി മുസ്ലിംലീഗിലെ ആഭ്യന്തര രാഷ്ട്രീയവും കലങ്ങി മറിയുകയാണ്.