കണ്ണൂർ: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ, കാറിൽ സൂക്ഷിച്ചിരുന്നതു കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ കെ കെ വിശ്വനാഥൻ. വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആയിരുന്നെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാറിന്റെ പുറകുവശത്തെ ക്യാമറയും അതിന്റെ സിസ്റ്റവും അധികമായി ഘടിപ്പിച്ചതാണ്. സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ടു കത്തിപ്പടരുകയായിരുന്നു. കാറിൽനിന്ന് എടുത്തു ചാടിയതു കൊണ്ടാണ് പുറകിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷിക്കാനായത്. റീഷ ഇരുന്ന ഭാഗത്തെ ചില്ലു തകർത്തെങ്കിലും രണ്ടു പേരെയും രക്ഷിക്കാനായില്ല- വിശ്വനാഥൻ പറഞ്ഞു.
ഫയർ സ്റ്റേഷൻ കഴിഞ്ഞു മുൻപോട്ടു എത്തിയപ്പോൾ എന്തോ മണം വരുന്നതായി പ്രജിത് പറഞ്ഞു. വണ്ടി ഓഫ് ചെയ്തിട്ട് സൈഡ് ആക്കെന്ന് ഞാൻ പറഞ്ഞപ്പോഴേയ്ക്കും സീറ്റനടിയിൽനിന്ന് തീ ആളിപ്പടർന്നു. പിന്നെ ഒന്നും ഓർമയില്ല. ഞാൻ ഒരു ഡോർ തള്ളിത്തുറന്ന് പുറത്തേയ്ക്കു ചാടി. വണ്ടി കുറച്ചുദൂരം നിയന്ത്രണമില്ലാതെ വളഞ്ഞുപുളഞ്ഞ് മുന്നോട്ടു പോയി. എങ്ങനെയാണ് നിന്നതെന്ന് അറിയില്ല. അപ്പോഴേയ്ക്കു വണ്ടി പൂർണമായും കത്തിയിരുന്നു- വിശ്വനാഥൻ പറഞ്ഞു.
വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് അൽപം ദ്രാവകമടങ്ങിയ പ്ലാസ്റ്റിക് കുപ്പിയുടെ ഭാഗങ്ങൾ ഫോറൻസിക് വിഭാഗം ഇന്നലെ ശേഖരിച്ചിരുന്നു. കാറിലെ പ്ലാസ്റ്റിക് ഭാഗങ്ങൾ ഇതിനു മീതെ ഉരുകിവീണിട്ടുണ്ട്. വ്യാഴാഴ്ചയും സമാനമായ അവശിഷ്ടം കാറിനകത്തുനിന്ന് ശേഖരിച്ചിട്ടുണ്ട്. കുപ്പിയിലെ ദ്രാവകമെന്തെന്നും ഇതു തീപടരാൻ സഹായിച്ചിട്ടുണ്ടോയെന്നും വിദഗ്ധ പരിശോധനയിലേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൂർണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരികെയാണ് കാറിന് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന റീഷയുടെ മകൾ ശ്രീ പാർവതി, മാതാപിതാക്കളായ കുഴിക്കൽ വിശ്വനാഥൻ, ശോഭന, ബന്ധു സജന എന്നിവർ രക്ഷപ്പെട്ടിരുന്നു. ഭാര്യയോടൊപ്പം പ്രജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാനാകാതെ കാറിൽ കുടുങ്ങുകയായിരുന്നു