കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ 60 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച ഡിഫന്‍സ് പാര്‍ക്കാണ് നാടിന് സമര്‍പ്പിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. 130 കോടി 94 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാര്ക്കിന് 50 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്കി.
സംരംഭകര്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് കമ്പനികള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഒറ്റപ്പാലം കിൻഫ്ര പാർക്ക് അസിസ്റ്റന്റ് മാനേജർ അനീഷ് പറഞ്ഞു. വ്യവസായ മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി ഉണ്ണി എം എൽ എ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കോമൺ ഫെസിലിറ്റ സെന്റർ, 72400 ചതുരശ്ര അടി വിസ്തീർണമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, വെയർ ഹൗസുകൾ, കോമൺ യൂട്ടിലിറ്റി സെന്റർ, ആഭ്യന്തര റോഡ് ശൃംഖല, പാർക്കിംഗ് ഏരിയ, ചുറ്റു മതിൽ, സെക്യൂരിറ്റി സംവിധാനം, കോൺഫറൻസ് റൂമുകൾ, ട്രെയ്നിംഗ് റൂം, ടൂൾ റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഡിഫൻസ് പാർക്കിൽ ക്രമീകരിച്ചിട്ടുള്ളളത്.
രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം നടപ്പിലാക്കുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ നൂറുകണക്കിന് ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കും.സംസ്ഥാനത്തിന്റെ പ്രധാന സ്ഥാപനങ്ങളിൽ ഒന്നായി ഡിഫൻസ് പാർക്ക് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഒറ്റപ്പാലം കിൻഫ്ര പാർക്ക് പ്രവർത്തനം ആരംഭിച്ചത്. അന്ന് ഡിഫൻസ് പാർക്ക് പ്രധാന പദ്ധതിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ സർക്കാരിന്റെ കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്.