കൊച്ചി: മലേഷ്യ, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കും തിരിച്ചുമുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി. ഒരാഴ്ചത്തേക്കാണ് സർവ്വീസുകൾ റദ്ദാക്കിയത്. കൊവിഡ്-19 പടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. സങ്കേതിക പ്രശ്നം കാരണമാണെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം. മലിൻഡോ എയർ, സൗദി എയർലൈൻസ് കമ്പനികളുടെ വിമാനങ്ങളാണ് റദ്ദാക്കിയത്. അടിയന്തരമായി വിമാന സർവ്വീസുകൾ റദ്ദാക്കിയത് നൂറുകണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം മറ്റ് സ്ഥലങ്ങളിൽനിന്നുള്ള വിമാന സർവ്വീസുകൾക്ക് മാറ്റമുണ്ടാകില്ല. കഴിഞ്ഞ ആഴ്ച മലേഷ്യയിൽനിന്ന് കൊച്ചിയിൽ എത്തിയ യുവാവ് പനിയെ തുടർന്ന് ഐസലൊഷേൻ വാർഡിൽ ചികിത്സയിലിരിക്കെ മരിച്ചു. എന്നാൽ കണ്ണൂർ സ്വദേശിയായ യുവാവിന് കൊറോണ ഇല്ലെന്ന് പരിശോധന ഫലങ്ങളിൽ വ്യക്തമായിരുന്നു.