പാലക്കാട്: പൗരത്വ നിയയമത്തിന്റെ പേരിൽ രാജ്യം മുഴുവൻ അക്രമം നടത്തുന്നത് മലയാളികൾ ആണെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. CAAയെ എതിർക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനെ അങ്ങനെ വിടേണ്ടതാണെന്നും സെൻകുമാർ പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ കടുത്ത വർഗീയ പരാമർശങ്ങളാണ് ടി.പി സെൻകുമാർ നടത്തിയത്.
പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവർ ഇസ്ളാമിക് രാഷ്ട്രം സ്വപ്നം കാണുന്നവർ ആണെന്ന് സെൻകുമാർ പറയുന്നു. പാക്കിസ്ഥാനിലെ ഹിന്ദുക്കളെ പീഡിപ്പിച്ച ശേഷം ഇന്ത്യയിലെ ഹിന്ദുക്കളെ പീഡിപ്പിയ്ക്കാനാണ് മുസ്ലീംങ്ങൾ ഇവിടേയ്ക്ക് നുഴഞ്ഞ് കയറുന്നത്. കുറേ പേർ ഇവിടെ ബോംബിടാനാണ് എത്തുന്നത്. കുറച്ചു പേർ മാത്രമാണ് ജീവിയ്ക്കാനായി വരുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ഭീഷണി വേണ്ടെന്നും എല്ലാം സഹിക്കുന്ന പഴയ ഹിന്ദുവായല്ല പുതിയ ഹിന്ദുവായി പ്രതികരിക്കണമെന്നും സെൻകുമാർ ആഹ്വാനം ചെയ്യുന്നു.
കേരളത്തിൽ പാക്കിസ്ഥാൻ മനസുള്ള മുസ്ലീംങ്ങൾ ഉണ്ട്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്. ആനയ്ക്കും അണ്ണാനും ഒരു നിയമമല്ല. മുസ്ലീംങ്ങൾ ഉപ്പാന്റെ ഉപ്പാന്റെ സർട്ടിഫിക്കറ്റ് അന്വേഷിച്ച് നടന്നാൽ അവർ ഹിന്ദുക്കളായിരുന്നു എന്ന് മനസിലാകും. മതനിന്ദ നടത്തുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിട്ടാൽ, അവിടെ തല കാണില്ല. അതിഥി ദേവോ ഭവ എന്ന് പറഞ്ഞ് എല്ലാം സഹിക്കുന്ന പഴയ ഹിന്ദുക്കളായല്ല, പ്രതികരിക്കുന്ന ഹിന്ദുക്കളാവുകയാണ് വേണ്ടത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രചരണം നടത്തുന്നവർക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാവണമെന്നും സെൻകുമാർ പറഞ്ഞു.