ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുമാസം. ഇതിനിടെ, മാധ്യമ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കുടുംബഗ്രൂപ്പിൽ നിന്നും തിങ്കളാഴ്ച രാത്രി ബഷീർ ഉപയോഗിച്ചുവന്ന നമ്പർ 'ലെഫ്റ്റ്' ആയി. അപകടത്തിന് പിന്നാലെ കാണാതായ മൊബൈൽ ഫോണിലെ നമ്പറാണിത്. ഇതോടെ ഫോണ് മറ്റാരെങ്കിലും ഉപയോഗിക്കുന്നോണ്ടോ എന്ന സംശയം ഉയർന്നു. ഈ സാഹചര്യത്തിൽ ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫീസിന് മുന്നിൽവച്ച് കെ എം ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോൺ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായി. മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല. ഇതിനിടെയാണ് ണ് മരണം നടന്ന് നാലു മാസം പൂർത്തിയാകുന്ന വേളയിൽ ബഷീറിന്റെ നമ്പർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്ന് ‘ലെഫ്റ്റ്’ ആകുന്നത്.
ബഷീറിന്റെ കാണാതായ ഫോണിലെ വാട്സാപ് ആരെങ്കിലും ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ബഷീറിന്റെ വാട്സാപ് ലഭിക്കാൻ ഫോണിൽ ബഷീറിന്റെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ റജിസ്റ്റര് ചെയ്താൽ സിം ഇട്ടില്ലെങ്കിലും ഫോണിൽ വാട്സാപ് ലഭിക്കും.
ബഷീറിന്റെ ഫോണിലെ സിം ഊരിമാറ്റിയശേഷം വൈഫെ ഉപയോഗിച്ച് വാട്സാപ് ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ ഐപി അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താനാകും. ബഷീറിന്റെ നമ്പരിനു പകരം പുതിയ സിം ഫോണിൽ ഉപയോഗിച്ചാൽ ഐഎംഇഐ നമ്പർ ഉപയോഗിച്ച് ആളെക്കുറിച്ചുള്ള വിവരം അനായാസം ശേഖരിക്കാം. കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നാണ് സൈബർ വിദഗ്ധർ നൽകിയ മറുപടി.