തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായ അക്കിത്തത്തെ അനുമോദിച്ചുകൊണ്ട് പ്രമുഖർ രംഗത്തെത്തി. ഗവർണർ, മുഖ്യമന്ത്രി പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവർക്ക് പുറമെ ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരും അക്കിത്തത്തെ അനുമോദിച്ചു. അപരനുവേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മാനവികതയുടെ അടിത്തറയില്‍ പ്രവര്‍ത്തിച്ച 'പൊന്നാനിക്കളരി'യിലൂടെ വളര്‍ന്നുവന്ന അക്കിത്തത്തിന് മറ്റുള്ളവരെക്കുറിച്ചുള്ള ഉത്ക്കണ്ഠ എപ്പോഴുമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണ്. മനുഷ്യന്റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്രസംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയായിരുന്നു അക്കിത്തം. 'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം' എന്ന വരികള്‍ കവിയുടെ ജീവിതദര്‍ശനം തന്നെയാണ്. നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ ശ്രമങ്ങളില്‍ ഇം.എം.എസ്. നമ്പൂതിരിപ്പാടിനും വി.ടി. ഭട്ടതിരിപ്പാടിനുമൊപ്പം അക്കിത്തവുമുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്റെയും മുന്‍നിരയില്‍ അദ്ദേഹം നിന്നു.
ഉത്കൃഷ്ടമായ കാവ്യപാരമ്പര്യത്തിന്റെ ഉന്നതമാതൃകയ്ക്കുള്ള അംഗീകാരമാണ് അക്കിത്തത്തിന് ലഭിച്ച ജ്ഞാനപീഠമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആർഷസംസ്കാരത്തോടും ബാരതീയ വിവേകത്തോടുമുള്ള ആദരത്തിലൂടെ അനന്യമായ കാവ്യമാർഗം സൃഷ്ടിച്ച അക്കിത്തം നവീന ഭാവുകത്വത്തെ മലയാളത്തിന് പരിചയപ്പെടുത്തിയവരിൽ ഒരാളാണെന്നും ഗവർണർ ട്വീറ്റിലൂടെ പറഞ്ഞു.
മലയാള കവിതയുടെ ദാർശനിക മുഖമാണ് മഹാകവി അക്കിത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു."വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്നെഴുതിയ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന് ലഭിച്ച ജ്ഞാനപീഠപുരസ്കാരം മലയാളത്തിന് കിട്ടിയ അംഗീകാരമാണ്. മഹാകവിയെ ഫോണിൽ വിളിച്ചു പ്രതിപക്ഷനേതാവ് അഭിനന്ദനം അറിയിച്ചു.
മലയാള സാഹിത്യ ലോകത്തിനും മലയാളികൾക്കും അഭിമാന ദിനമാണിന്ന് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വെളിച്ചം ദു:ഖമെന്നും തമസ്സ് സുഖപ്രദമെന്നും പറഞ്ഞ കവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ തേടി ജ്ഞാനപീഠ പുരസ്കാരം എത്തിയ ദിനം. ആശയ വൈപുല്യം, രചനാ വൈവിധ്യം, ആവിഷ്കാരത്തിലെ ലാളിത്യം എന്നിവയിലൂന്നി കത്തുന്ന കാലത്തിന്റെ തീ അണയ്ക്കാൻ തൂലികയിൽ കണ്ണീർ നിറച്ച മഹാമനുഷ്യൻ.1954ൽ രാജ്യത്തിന്റെ ഏഴാം സ്വാതന്ത്ര്യദിനത്തിൽ, അന്നത്തെ ഭരണകൂടത്തിന്റ കൊള്ളരുതായ്മയിൽ നിരാശ പൂണ്ട് അക്കിത്തം എഴുതി, "നിന്നെക്കൊന്നവർ കൊന്നു പൂവേ, തന്നുടെ തന്നെ മോക്ഷത്തെ! " ആധുനിക മലയാളം കവിതയുടെ മുതൽക്കൂട്ടായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കമ്യൂണിസ്റ്റുകാരുമായുണ്ടായിരുന്ന ഗാഢബന്ധത്തിൽ നിന്ന് അദ്ദേഹത്തിന്റെ തൂലികയെഴുതിയ വിയോജനക്കുറിപ്പായി വായിക്കപ്പെട്ടു. കവിത പ്രകാശിതമായതോടെ കമ്യൂണിസ്റ്റ് വിരുദ്ധനായി അദ്ദേഹം മുദ്രകുത്തപ്പെട്ടു. ആശയങ്ങളിൽ അടിയുറച്ച ബോധ്യത്തോടെ ആ തൂലിക വീണ്ടും ചലിച്ചു, ഒന്നിനെയും ഭയക്കാതെ. മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും അക്കിത്തം കവിതകളെ വ്യത്യസ്തമാക്കുന്നു. "എന്റെയല്ലന്റെയല്ലീ കൊമ്പനാനകള്‍, എന്റെയല്ലന്റെയല്ലീ മഹാക്ഷേത്രവും"എന്നെഴുതിയ, ലാളിത്യത്തിന്റെ പ്രതിരൂപമായി ജ്ഞാനപീഠ നിറവിൽ നിൽക്കുന്ന പ്രിയ കവിക്ക് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദനങ്ങൾ നേരുന്നതായും ഫേസ്ബുക്കിൽ വി മുരളീധരൻ കുറിച്ചു.