മൂന്നംഗ ഉദ്യോഗസ്ഥ തല കമ്മിറ്റിയെ ഇതിനായി നിയോഗിച്ച് ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ സെക്രട്ടറിമാരായ ജി ഹരികുമാർ, വി എസ് അനിൽകുമാർ, സെക്ഷൻ ഓഫീസറായ അശോക കുമാരി എന്നിവരെയാണ് കമ്മിറ്റിയായി നിയമിച്ചിട്ടുള്ളത്. ഇവർ എത്രയും പെട്ടെന്ന് ഇൻസ്റ്റിട്ട്യൂട്ട് സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി നേരിൽ സംസാരിച്ച് വിവരങ്ങൾ തേടുമെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും വ്യാപിച്ചു. ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ കമല്‍, ആഷിഖ് അബു, ജിയോ ബേബി, സജിത മഠത്തില്‍, വിധു വിന്‍സെന്റ്, ബിജിപാല്‍, ഷഹബാസ് അമന്, കമാല്‍ കെ.എം., ശീതള്‍ ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു ജോലി നിര്‍ബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടര്‍ രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് സ്വീപ്പര്‍മാരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
സമരത്തിനിടെ ഐഎഫ്എഫ്കെയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് താമസ സൗകര്യം നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറായത്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ അടൂര്‍ ഗോപാലകൃഷ്ണന് വിദ്യാര്‍ത്ഥികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഡയറ്കടര്‍ ശങ്കര്‍ മോഹനന് അനുകൂലമായ നിലപാടെടുത്തതിനെ തുടര്‍ന്ന് സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ അടൂര്‍ ഗോപാലകൃഷ്ണന് തുറന്ന കത്തെഴുതികൊണ്ട് രംഗത്തെത്തിയിരുന്നു.