ആദ്യം വിമാനത്തിൽ, പിന്നെ ആംബുലൻസിൽ. തിരുവനന്തപുരത്തുകാരിയായ സംഘനൃത്തം കലാകാരി കാഞ്ഞങ്ങാട്ടെ സ്കൂൾ കലോത്സവവേദിയിലേക്ക് എത്തിയത് ഇങ്ങനെയാണ്. പട്ടം സെന്റ് മേരീസ് സ്കൂളിലെ ശ്യാമയാണ് ആദ്യം ആകാശമാർഗവും പിന്നെ ആംബുലൻസിലുമായി കലോത്സവവേദിയിലേക്ക് എത്തിയത്. അവസാന നിമിഷം അപ്പീൽ അനുവദിക്കുകയും, ശ്യാമ പങ്കെടുത്തുകൊണ്ടിരുന്ന എൻസിസി ക്യാംപിൽനിന്ന് അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് വളരെ വേഗം കലോത്സവവേദിയിലേക്ക് പോകേണ്ടിവന്നത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ഹയർസെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ പങ്കെടുക്കാൻ ശ്യാമ ഉൾപ്പെടുന്ന ടീമിന് അപ്പീൽ അനുവദിച്ചത്. ടീമിലെ മറ്റ് അംഗങ്ങളെല്ലാം ട്രെയിൻ മാർഗം വെള്ളിയാഴ്ച രാവിലെ തന്നെ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. എന്നാൽ പാങ്ങോട് മിലിട്ടറി ക്യാംപിൽ എൻസിസി പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന ശ്യാമയ്ക്ക് അനുമതി ലഭിച്ചില്ല. എത്ര അപേക്ഷിച്ചിട്ടും അധികൃതർ ശ്യാമയെ ക്യാംപിൽനിന്ന് വിടാൻ തയ്യാറായില്ല. ഒടുവിൽ നൃത്താധ്യാപകന്റെ അപേക്ഷ പരിഗണിച്ച് മണിക്കൂറുകൾ വിട്ടുനിൽക്കാൻ അനുമതി നൽകുകയായിരുന്നു.
ഇതോടെയാണ് കണ്ണൂരിലേക്ക് ശ്യാമ വിമാനത്തിൽ പോയത്. രാത്രി 7.10ന് പുറപ്പെട്ട വിമാനം 8.10ന് കണ്ണൂരിലെത്തി. തിരുവനന്തപുരത്തുനിന്ന് വിമാനത്തിൽ കണ്ണൂരിലെത്തിയെങ്കിലും കാഞ്ഞങ്ങാട്ടേക്ക് എത്തുക വലിയ വെല്ലുവിളിയായിരുന്നു. ട്രാഫിക് തിരക്ക് കൂടുതലുള്ള സമയത്ത് കലോത്സവവേദിയിലേക്ക് എത്താൻ ആംബുലൻസ് വിളിപ്പിച്ചു. വേദിക്ക് 10 കിലോമീറ്റർ ഇപ്പുറം കാത്തുനിന്ന സുഹൃത്തുക്കൾ കുറുക്കുവഴിയിലൂടെ രാത്രി പത്തരയോടെ വേദിയിലേത്തി. യാത്രാക്ഷീണം മാറ്റാൻപോലും സമയമില്ലാതെ നേരെ വേദിയിലേക്ക്. മത്സരം പൂർത്തിയാക്കി, പുലർച്ചെ തന്നെ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പറന്നു. ഇന്ന് രാവിലെ 11 മണിക്കുള്ളിൽ തിരിച്ചെത്താമെന്ന വ്യവസ്ഥയിലാണ് ശ്യാമയെ എൻസിസി ക്യാംപിൽനിന്ന് വിട്ടയച്ചത്.