വടക്കൻ കേരളത്തിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. രണ്ട് കുട്ടികൾ ഉൾപ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേർ മരിച്ചു. വയനാട് തവിഞ്ഞാല് പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകൾ ജ്യോതിക(6) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ കടപുഴകിയ മരം ബാബുവിന്റെയും മകളുടേയും ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുറിച്യർമല വേങ്ങത്തോട് ഉണ്ണിമായ (5) തോട്ടിൽ വീണാണ് മരിച്ചത്. ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി.
ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. ഇരുവഴിഞ്ഞിപ്പുഴയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന് കാരണം വനത്തിനുള്ളിൽ ഉരുൾപൊട്ടിയതാണെന്നാണ് സംശയം. ഇരുവഴിഞ്ഞിപ്പുഴയുടെയും ചാലിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വൻതോതിൽ ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാം തുറക്കാനും സാധ്യത.
നിലമ്പൂർ ആഢ്യൻപാറയിൽ ഉരുൾപൊട്ടി.മലപ്പുറം പോത്തുക്കല്ലിൽ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികളിലുള്ളവർ ഒറ്റപ്പെട്ടു. മലപ്പുറം മേൽമുറിയിൽ യുവാവ് ഷോക്കേറ്റു മരിച്ചു.മേൽമുറി കള്ളാടി മുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്.വൈദ്യുതി ലൈനിൽ പൊട്ടിവീണ മര കൊമ്പുകൾ വെട്ടി മാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്.
കനത്ത മഴ മൂലം നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഭൂതാനം, പൂളപ്പാടം, കുറുസലങ്ങോട് സ്കൂളുകളിലാണ് ക്യാമ്പുകൾ തുറന്നത്. മുപ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രളയ മുന്നറിയിപ്പുഉള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മലപ്പുറം ജില്ലയിൽ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.