കൊല്ലം: ദേശീയ പൗരത്വപട്ടികയിലൂടെ ഏതെങ്കിലും ഒരു മതവിഭാഗത്തെ ഈ രാജ്യത്തു നിന്നു പുറത്താക്കാമെന്ന സംഘപരിവാര്‍ അജണ്ട വ്യാമോഹമാണെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മദ്രസ അധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതസ്ഥരും പരസ്പര സൗഹാര്‍ദത്തിലും ഐക്യത്തിലും ജീവിച്ച പാരമ്പര്യമാണ് ഈ രാജ്യത്തിനുള്ളത്. മതനിരപേക്ഷ- ജനാധിപത്യ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഭയാനകമാണ്. മതത്തിന്റെ പേരില്‍ വിഭാഗീയത ഉണ്ടാക്കി രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മഹിതമായ രാജ്യത്തിന്റെ പാരമ്പര്യത്തിനു നിരക്കാത്തതുമാണ്. വിവേചനപരവും വിഭാഗീയവുമായ ഈ നിലപാടില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, തുങ്ങിയവർ പ്രസംഗിച്ചു. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരം, സുവനീര്‍ നിര്‍മാണ മത്സരം സമ്മാനങ്ങളും വിതരണം ചെയ്തു 'വിശ്വശാന്തിക്കു മതവിദ്യ' സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധമായി സമാപന സമ്മേളനം മാറി.