രാജ്യത്തെ ആദ്യത്തെ സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രം മലപ്പുറം പെരിന്തൽമണ്ണ ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും ജന പ്രതിനിധികളും അടക്കം നിരവധിപേരാണ് പങ്കെടുത്തത്. 3000 കുട്ടികളിൽ നിന്നും പരീക്ഷയിലൂടെയും മുഖാമുഖങ്ങളിലൂടെയും തെരഞ്ഞെടുത്ത 100 കുട്ടികൾക്ക് ആണ് സൗജന്യമായി സിവിൽ സർവീസ് പരിശീലനത്തിന് ഇവിടെ അവസരം നൽകുന്നത്.
ഒരു വർഷം ഇവിടെ താമസിച്ച് പഠിക്കാൻ ഉള്ള എല്ലാ സൗകര്യങ്ങളും അക്കാദമിയിൽ ഉണ്ട് .ആർക്കും പ്രത്യേക പരിഗണനകൾ നൽകാതെ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ ആണ് കേന്ദ്രത്തിൽ പ്രവേശനം നൽകുന്നത് എന്ന് നജീബ് കാന്തപുരം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ ഓൺലൈൻ ആയാണ് ചടങ്ങിൽ പങ്കെടുത്തത്. മലബാറിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് വേഗത കൂട്ടുന്ന സ്വപ്ന തുല്യമായ പദ്ധതിയാണ് സിവിൽ സർവീസ് അക്കാദമിയെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
' എം എൽ എ യുടെയും ഒരു കൂട്ടം ആളുകളുടെയും നിശ്ചയദാർഡ്യത്തിന്റെയും ഫലമാണ് ഇങ്ങനെ ഒരു അക്കാദമി. ഇങ്ങനെ ഒരു ആശയം നജീബ് മുന്നോട്ട് വെക്കുമ്പോൾ നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇന്നത് യാഥാർഥ്യമായിരിക്കുന്നു. മത, രാഷ്ട്രീയ, സാമൂഹിക, ബിസിനസ് രംഗത്തെ പ്രമുഖരെ ഒന്നിച്ചിരുത്തുന്നു. നല്ല കൂട്ടായ്മകൾക്കെ വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സാധാരക്കാരെ പിന്നോക്കം നിൽക്കുന്നവരെ ഉയർത്തികൊണ്ടുവരിക എന്നത് മഹത്തരമാണ്. അതിന് ഈ അക്കാദമി വലിയ പങ്ക് വഹിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.അവസരങ്ങൾക്കായി കാത്തിരിക്കരുത്. അവസരങ്ങൾ സൃഷ്ടിക്കുന്നവരാകുക. അവർക്കാണ് അന്തിമ വിജയം'- സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ലോകത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി കേരളം മാറുമെന്നും അതിലേക്കുള്ള ചവിട്ടുപാടികളാവൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അകാദമി ഫോർ സിവിൽ സർവീസിന് ആവുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. "സിവിൽ സർവീസ് രംഗത്ത് തീർത്തും സൗജന്യനായൊരു പരിശീലന കേന്ദ്രം അത്ഭുതകരമായ വിദ്യാഭ്യാസ നേട്ടമാണ്. പണം ഒന്നിനും ഒരു തടസ്സമല്ല എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ലഭിക്കുന്ന അവസരങ്ങളെ നാം എങ്ങനെ സമർപ്പിക്കുന്നു എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിൽ തന്നെ ഉള്ള ശ്രീധന്യ ഐ. എ. എസും പി വിജയൻ ഐ പി എസ്സും എല്ലാം മികച്ച ഉദാഹരണങ്ങളാണ്. കേരളം തന്നെ കാണാത്ത ജനകീയവും വിപുലവുമായ ഈ ചടങ്ങ് ചരിത്രത്തിൽ ഇടം നേടുന്നതാണ്. നമ്മുടെ കുട്ടികൾ എന്താണോ ആഗ്രഹിക്കുന്നത് ആ ഉയർച്ചയിലേക്ക് അവരെ എത്തിക്കാൻ മുന്നിൽ നിൽക്കുന്ന നജീബ് കാന്തപുരം എം. എൽ.എ വലിയ പ്രതീക്ഷയാണ്, മാതൃകയാണ് "
മലബാറിലെ വിദ്യാര്‍ഥികള്‍ക്കായി നജീബ് കാന്തപുരം എം.എല്‍.എ പെരിന്തല്‍മണ്ണയില്‍ യാഥാര്‍ഥ്യമാക്കിയ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് എം.എല്‍.എയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നജീബ് കാന്തപുരം എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അക്കാദമി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു.
ഓഫീസ് കെട്ടിടം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജനും സ്റ്റുഡന്റ്സ് ലോഞ്ച് പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡിജിറ്റല്‍ സ്റ്റുഡിയോ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും പി.ബി നായര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുംഡിജിറ്റല് ക്ലാസ്റൂം ഷാഫി പറമ്പില്‍ എം.എല്‍.എയും ഹോസ്റ്റല്‍ ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും റൂഫ് ടോപ്പ് സ്റ്റഡ് സര്‍ക്കിള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്തു.
സിവില്‍ സര്‍വ്വീസ് അക്കാദമി ഗവേര്‍ണിങ് ബോഡി ചെയര്മാന് ഫൈസല്‍ കൊട്ടിക്കോളന്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ശശി തരൂര്‍ എം.പി ഓണ്‍ലൈന്‍ വഴി ആശംസകള്‍ അറിയിച്ചു. പൊന്യാക്കുറിശിയിൽ ഐ എസ് എസ് എഡ്യുക്കേഷണൽ സൊസൈറ്റി നൽകിയ സ്ഥലത്താണ് പരിശീലന കേന്ദ്രം ഉയർന്നിരിക്കുന്നത്. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ, നിയോ ബാങ്കിംഗ് സംരഭമായ ഓപ്പൺ തുടങ്ങി ഒട്ടനവധി സംരഭകരുടെ പിന്തുണയോടെ ആണ് പദ്ധതി നടപ്പാക്കുന്നത്.