കൃഷി ചെയ്യാൻ എന്താണ് വേണ്ടത് ? സ്ഥലം വേണം, വിത്ത് വേണം എന്നൊക്കെ ആകും പലരുടെയും മറുപടി. എന്നാല്‍ ഈ ചോദ്യം വേങ്ങര ഊരകം പുല്ലഞ്ചാലിലെ കാരാട് അരുൺ കുമാറിനോട് ചോദിച്ചാൽ അദ്ദേഹം കൃഷിയിടം കാണിച്ചു തരും. വിത്തും വളവും സ്ഥലവും ഒന്നും അല്ല മനസ്സ് ആണ് ആദ്യം വേണ്ടത് എന്ന് പറയാതെ തെളിയിച്ചു കാണിക്കുക ആണ് ഈ 52 കാരനായ ഭിന്നശേഷിക്കാരൻ
" രാവിലെ ആറരയ്ക്ക് കൃഷി സ്ഥലത്ത് വന്ന് പണി തുടങ്ങും. ഉച്ചയോടെ മാത്രമേ ജോലി നിർത്തൂ" അമ്മ മാധവിക്കുട്ടിയമ്മയും സഹോദരൻ്റെ ഭാര്യ സരിതയും പറയുന്നു.. അരുണിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും. "ജോലി തുടങ്ങിയാൽ പിന്നെ അത് തീർത്ത് മാത്രമേ വരൂ. ഭക്ഷണവും വെള്ളവും ഒക്കെ ഇവിടെ കൊണ്ട് വന്ന് കൊടുക്കും. വാഴ നട്ട് , തടം ഒരുക്കി, വെള്ളം നനച്ച് അത് വളർത്തി വലുതാക്കി വിളവെടുക്കുന്ന വരെ ചേട്ടന് വിശ്രമം ഇല്ല.
"കൃഷി വകുപ്പിന് കഴിയും വിധം അരുണിന് സഹായം നൽകാൻ എപ്പോഴും ശ്രമിക്കുന്നുണ്ട്. അത് പോലെ കൃഷി ചെയ്യാൻ സ്ഥലം കണ്ടെത്താൻ, വിത്തും വളവും എല്ലാം എത്തിച്ച് കൊടുക്കാൻ , എല്ലാം കഴിയും വിധം സഹായിക്കുന്നുണ്ട്. ഇദ്ദേഹം ശാരീരിക പരിമിതികൾ ഇങ്ങനെ മറികടന്ന് ഇത്രയും ജോലി ചെയ്യുന്നത് എത്ര വലിയ പ്രചോദനം ആണ് " കൃഷി ഓഫീസർ മെഹറുന്നീസ പറയുന്നു.