കോട്ടയം: തിരുനക്കര മൈതാനമോ വയസ്കര കുന്നിലെ പാർട്ടി ഓഫീസോ അല്ല. സ്ഥലം കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന്. ഇത്തവണ കേരള കോൺഗ്രസുകാരെ ഒന്നിപ്പിച്ചത് ഈ കോടതി മുറിയാണ്. പാർട്ടി വീണ്ടും ജോസും ജോസഫുമായി പിളർന്നിട്ട് ഒരു കൊല്ലം കഴിഞ്ഞു. ജോസ് മുന്നണിയെ തന്നെ കൈവിട്ട് എൽഡിഎഫ് പ്രവേശനം കാത്തിരിക്കുന്നു. ഇതിനിടയിലാണ് 2017ലെ ഒരു കേസ് ജോസ് - ജോസഫ് വിഭാഗങ്ങളെ ഒന്നിപ്പിച്ചത്.
ഇരുപക്ഷത്തെയും പ്രമുഖനേതാക്കളായ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായി. പി.ജെ ജോസഫ്, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ. ടി.യു കുരുവിള തുടങ്ങിയവരാണ് ജോസഫ് പക്ഷത്തുനിന്ന് എത്തിയത്. ജോസ് പക്ഷത്തു നിന്ന് റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാർട്ടി ജനറൽ സെക്രട്ടറി ജോബ് മൈക്കിൾ തുടങ്ങിയ നേതാക്കൾ കോടതിയിൽ ഹാജരായി.
'മാപ്പ് പറഞ്ഞു പിഴയടച്ച് മടക്കം' - കൃത്യം പതിനൊന്ന് മണിക്ക് തന്നെ കേസ് വിളിച്ചു. പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരായി. പേര് വിളിച്ചെങ്കിലും മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും ഓടിക്കിതച്ച് ആണ് കോടതിമുറിയിൽ എത്തിയത്. ആകെ 14 നേതാക്കളാണ് കേസിൽ പ്രതികളായത്. ഒന്നാം പ്രതി കെ.എം മാണി, രണ്ടാം പ്രതി പി.ജെ ജോസഫ്, മൂന്നാം പ്രതി മോൻസ് ജോസഫ്, നാലാം പ്രതി റോഷി അഗസ്റ്റിൻ അങ്ങനെ നീളുന്നു പട്ടിക. ഒടുവിൽ കോടതിക്കു മുൻപിൽ മാപ്പുപറഞ്ഞ് നേതാക്കൾ കേസ് അവസാനിപ്പിച്ചു.
നേതാവ് ഒന്നിന് 1750 രൂപ പിഴയും വിധിച്ചു. അതോടെ കേസിന് അന്ത്യം. സന്തോഷത്തോടെ നേതാക്കൾ രണ്ടായി പുറത്തേക്ക്. കോടതിവരാന്തയിൽ ആവോളം തമാശകൾ പറഞ്ഞു ശത്രുക്കൾ ഒന്നിച്ചു. കർഷകരുടെ പ്രശ്നത്തിന് വേണ്ടിയാണ് അന്ന് സമരം ചെയ്തതെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ശത്രുപക്ഷത്ത് ആണെങ്കിലും കർഷക പ്രശ്നത്തിൽ വീണ്ടും ഒന്നിക്കും.