കോഴിക്കോട്: വാഹനാപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ അഞ്ചുമണിയോടെയാണ് മൃതദേഹം കബറടക്കിയത്. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ മഖാം പരിസരത്തായിരുന്നു ഖബറടക്കം. രാത്രി പത്തരയോടെ തിരൂരിലെ ബഷീറിന്റെ വസതിയിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാൻ നൂറ് കണക്കിന് പേരാണെത്തിയത്.
താനൂരിൽ മന്ത്രി കെ.ടി ജലീൽ, വി അബ്ദുറഹമാൻ എം.എൽ.എ എന്നിവർ അന്തിമോപചാരമർപ്പിക്കാനെത്തി. പന്ത്രണ്ടരയോടെ നടക്കാവിലെ സിറാജ് പത്രം ഓഫീസിൽ മന്ത്രി എ.കെ ശശീന്ദ്രൻ അന്തിമോപചാരമർപ്പിച്ചു. ബഷീറിന്റെ പിതാവ് വടകര മുഹമ്മദ് ഹാജിയുടെ ഖബറിടത്തിന് സമീപത്താണ് ബഷീറിന്റെയും ഖബറടക്കം. ചെറുവണ്ണൂരിൽ നടന്ന ചടങ്ങുകളിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് മരിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചായിരുന്നു അപകടം. മദ്യലഹരിയിലായിരുന്ന ശ്രീറാം അമിതവേഗത്തിലാണ് കാറോടിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.