കോട്ടയം: ബാർക്കോഴ കേസിന്റെ അന്വേഷണം കെ.എം മാണി വന്ന് കണ്ടതിന് ശേഷം പിണറായി വിജയൻ അവസാനിപ്പിച്ചുവെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ യു.ഡി.എഫ്- എൽ.ഡി.എഫ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദ്ദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണെന്ന ബി.ജെ.പിയുടെ ആരോപണം ശരിവെക്കുന്നതാണ് ബിജുരമേശിന്റെ വെളിപ്പെടുത്തലെന്നും കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അഴിമതിയാണ് ഇരുമുന്നണികളുടേയും മുഖമുദ്ര. ബാർക്കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജു രമേശിനോട് ആരോപണത്തിൽ ഉറച്ചു നിൽക്കാൻ പറഞ്ഞ ശേഷം പിണറായി പിൻമാറുകയായിരുന്നു. ഇതിൽ പിണറായിക്ക് എന്ത് ലാഭമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം? ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിച്ചു കൊടുക്കുത്തത്?
ഇഡിക്ക് അഴിമതിയും കള്ളപ്പണവും അന്വേഷിക്കാനുള്ള അധികാരമുണ്ട്. നിയമസഭ അവകാശ ലംഘനത്തിന് നോട്ടീസ് നൽകേണ്ടത് ധനമന്ത്രി തോമസ് ഐസക്കിനാണ്. ഇടതുസർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കൂച്ചുവിലങ്ങിടാനുള്ള പിണറായിയുടെ ശ്രമങ്ങളെ ചെറുക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.