കൊച്ചി: കളമശ്ശേരി (Kalamassery) കിൻഫ്ര പാർക്കിനകത്തെ സ്വകാര്യ കമ്പനിയിൽ ഉണ്ടായ തീപിടിത്തം വൻദുരന്തം ആകാതെ അവസാനിപ്പിക്കാൻ കഴിഞ്ഞത് അഗ്നിശമനസേനയുടെ സമയോചിതമായ പരിശ്രമം കൊണ്ടു മാത്രമാണ്. മുപ്പതോളം യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീ പിടിത്തത്തിൻ്റെ കാരണം ഇതു വരെ വ്യക്തമല്ല. രാവിലെ 6 മണിയോടെയാണ് കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻ കമ്പനിയിൽ തീ പടർന്നത്. ഈ സമയം കമ്പനിയിലുണ്ടായിരുന്ന ജീവനക്കാർ ഉടൻ പുറത്തിറങ്ങി നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഒന്നിനു പിറകെ ഒന്നായി ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമമാരംഭിച്ചു.
സുഗന്ധവ്യഞ്ജനങ്ങളുടെ എസൻസ് നിർമ്മിക്കുന്ന കമ്പനിയായതിനാൽ തീ അണയ്ക്കും തോറും ആളിപ്പടരുന്ന സാഹചര്യമായിരുന്നു. കെമിക്കൽസ് ധാരാളമായി ഉപയോഗിക്കുന്നതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കാലതാമസമുണ്ടായത്. ഒടുവിൽ 30 ഓളം ഫയർ യൂണിറ്റുകളെത്തി പൂർണ്ണതോതിൽ പ്രവർത്തിച്ചതിനെത്തുടർന്നാണ് തീ അണയ്ക്കാനായത്. സമയബന്ധിതമായി ഫയർഫോഴ്സ് ഇടപെട്ടതിനാൽ സമീപത്തെ മറ്റ് വ്യവസായ യൂണിറ്റുകളിലേയ്ക്ക് തീപടരുന്നത് തടയാൻ കഴിഞ്ഞു.
ഗെയിൽ വാതക പൈപ്പ് ലൈൻ ഇതിനു മുന്നിലൂടെയാണ് കടന്നു പോകുന്നത്. രാസവസ്തുക്കൾ ധാരാളമായി സൂക്ഷിച്ചിരുന്നതും സുഗന്ധ വ്യഞ്ജനങ്ങളുടെ വലിയ ശേഖരം ഇവിടെ ഉണ്ടായിരുന്നതും കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഗോഡൗണിലേക്ക് തീ പടർന്നതോടെ അന്തരീക്ഷത്തിൽ കറുത്ത പുക തങ്ങിനിന്നു. ചുറ്റുപാടുകളിലേക്ക് തീപടർന്നാൽ വലിയ ദുരന്തമാണ് ഉണ്ടാകുമായിരുന്നത്. ഏറെ അകലെയല്ലാതെ പെട്രോൾ ബങ്ക് ഉണ്ടായിരുന്നത് ആശങ്ക ഒന്നുകൂടി വർദ്ധിപ്പിച്ചു.
തീപിടിത്തം നടന്ന സ്ഥലത്തിന് നോക്കിയാൽ കാണുന്ന ദൂരത്ത് ആയിരുന്നു മെഡിക്കൽ കോളേജ്. അധിക നേരം തീയും പുകയും അന്തരീക്ഷത്തിൽ തങ്ങി നിന്നാൽ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളെ കരുതിയും ആശങ്ക ഉയർന്നു. എന്നാൽ അഗ്നിശമന സേനാംഗങ്ങൾ കൂടുതൽ സന്നാഹങ്ങൾ ഒരുക്കി ദുരന്തമുഖത്ത് അണിനിരന്നു. ഇടതടവില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യൂണിറ്റുകൾ ഇവിടേക്ക് എത്തിക്കൊണ്ടിരുന്നു. സ്ഥിരമായി വെള്ളം പമ്പ് ചെയ്യുന്നതിനൊപ്പം രാസവസ്തുക്കൾ നിറഞ്ഞ ഗോഡൗണിലേക്കും മറ്റും പ്രത്യേക ഫോമുകൾ പമ്പുചെയ്ത് തീയണച്ചു. ചുറ്റുപാടുകളിലെ കെട്ടിടങ്ങളിലേക്ക് എത്താതെ ഒരേ സമയം ജാഗ്രത പാലിക്കാനും അനിശമന സേനയക്ക് കഴിഞ്ഞു.
തീപിടത്തിൻ്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് സ്ഥലത്തെത്തിയ മന്ത്രി പി രാജീവ് പറഞ്ഞു. തേവയ്ക്കൽ സ്വദേശി രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. തീയണ്യ്ക്കാനുള്ള ശ്രമത്തിനിടെ രൂക്ഷമായ ചൂടും പുകയും മൂലം നിരവധി അഗ്നിശമന സേനഗങ്ങൾക്കു പ്രാഥമിക ശിശ്രൂഷ നൽകേണ്ടി വന്നു.