കവളപ്പാറ ദുരന്തത്തിൽ ഏറ്റവും അധികം നഷ്ടം ഉണ്ടായ ആളുകൾ എന്ന നിലയിൽ എന്തെങ്കിലും പരിഗണന ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മനോജിൻ്റെ മറുപടി ഇപ്രകാരം ആയിരുന്നു. " എന്ത് പരിഗണന...എല്ലാവരും വർത്തമാനം മാത്രം പറയും. അന്ന് പൊട്ടിയ സമയത്ത് നാല് മാസം കൊണ്ട് എല്ലാവർക്കും വീട് ഒക്കെ തരും എന്നായിരുന്നു പറഞ്ഞത്. പിന്നെ എന്ത് ഉണ്ടായി.. വീട് പണി ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഞങ്ങൾ മാത്രം ആണ് ക്യാമ്പിൽ ഇപ്പോഴും ".
ദുരന്തത്തെ അതിജീവിച്ച ഇവർ പറഞ്ഞതിന് അപ്പുറം ഒന്നും വിശദീകരിക്കേണ്ടത് ഇല്ല. എംഎൽഎയും മുൻ കളക്ടറും തമ്മിൽ ഉള്ള അഭിപ്രായ വ്യത്യാസത്തിൻ്റെ കൂടി ഇരകൾ ആയവർ ആണ് ഇവർ. ഒടുവിൽ ഹൈക്കോടതി ഇടപെടേണ്ടി വന്നു ഇവരുടെ പുനരധിവാസത്തിന്. സ്ഥലം വാങ്ങി വീട് വക്കാൻ ഓരോ കുടുംബാംഗങ്ങൾക്കും 10 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു.
മുൻ കളക്ടർ ജാഫർ മാലിക് നിർദേശിച്ച, എംഎൽഎ പി വി അൻവർ എതിർത്ത അതേ സ്ഥലത്ത് തന്നെ ആണ് 32 ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ ഉയരുന്നത്. ഇപ്പോഴത്തെ പ്രശ്നം ഫണ്ട് ലഭ്യത ആണെന്ന് കവളപ്പാറ കൂട്ടായ്മക്ക് വേണ്ടി കോടതിയിൽ പോയ, ഇപ്പോഴത്തെ പ്രദേശത്തെ പഞ്ചായത്ത് അംഗമായ ദിലീപ് പറയുന്നു. " ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് പണം വരുന്നത്..അതിന് പകരം ഐ ടി ഡി പി വകുപ്പ് നേരിട്ട് നിർമാണം നടത്തിയാൽ നടപടി ക്രമങ്ങൾ കുറയും. മുൻപ് ചെമ്പങ്കൊല്ലി കോളനി നിവാസികൾക്ക് ഉള്ള വീടുകളുടെ നിർമാണം അങ്ങനെ ആണ് പൂർത്തീകരിച്ചത്. ഒരുപാട് കടമ്പകൾ ഉണ്ട് ആദിവാസികളുടെ അക്കൗണ്ടിൽ പണം വരാൻ. അതെല്ലാം വീടുകളുടെ നിർമാണത്തെ ബാധിക്കുന്നുണ്ട്. 32 വീടുകളിൽ 6 എണ്ണത്തിൻ്റെ കോൺക്രീറ്റ് വരെ കഴിഞ്ഞു. 8 വീടുകളുടെ ലിൻ്റൽ വാർത്തു, 8 വീടുകളുടെ തറപ്പണി തീരുന്നു. ഇനി ഉള്ള 8 വീടുകളുടെ നിർമാണം ആണ് തുടങ്ങാൻ ഉള്ളത്. "
സർക്കാർ കൃത്യമായി ഫണ്ട് അനുവദിച്ചാലും, കാലാവസ്ഥ കൂടി അനുകൂലമായാലും 6 മാസം എങ്കിലും വേണ്ടി വരും വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ. " ഇപ്പോഴത്തെ കണക്ക് കൂട്ടൽ എല്ലാ വീടുകളുടെയും നിർമാണം പൂർത്തിയാകാൻ കുറഞ്ഞത് ആറ് മാസം എങ്കിലും വേണ്ടി വരും. മഴക്കാലം ആയാൽ ഇവിടേക്ക് വാഹനം എത്താൻ ബുദ്ധിമുട്ട് ആണ്. " ദിലീപ് പറയുന്നു.
മറ്റൊരു മഴക്കാലം കൂടി ദുരിതാശ്വാസ ക്യാമ്പിൽ കഴിച്ചു കൂട്ടേണ്ടി വരും ദുരന്തത്തെ അതിജീവിച്ച ഈ ജനത എന്ന് ഉറപ്പാണ്. 2019 ഓഗസ്റ്റ് എട്ടാം തീയതി രാത്രി ആണ് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറ ഭൂദാനത്ത് മുത്തപ്പൻ മല ഇടിഞ്ഞിറങ്ങിയത്. 59 പേരാണ് ദുരന്തത്തിൽ മണ്ണിനടിയിൽ പെട്ടു മരിച്ചത്. അതിൽ 11 പേരുടെ മൃതദേഹം കണ്ടെത്താനും കഴിഞ്ഞില്ല.