തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ്. ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറി നൽകാനാണ് സർക്കാരിൻറെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം ട്രഷറി ഡയറക്ടർ എല്ലാ ട്രഷറി ഓഫീസർമാർക്കും നൽകി. ഈ മാസം ഏഴുവരെ ട്രഷറികളിൽ എത്തിയ ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് പുതിയ നിർദ്ദേശപ്രകാരം മാറി നൽകുക.
സർക്കാർ നിർദ്ദേശിച്ച പ്രത്യേക ഇനങ്ങൾക്ക് അല്ലാതെ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് മാറി നൽകരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത ട്രഷറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മാറി നൽകാവുന്ന ഇനങ്ങളുടെ പ്രത്യേക പട്ടികയും സർക്കാർ പുറത്തിറക്കിയിരുന്നു.
സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട GST വിഹിതം ഇതുവരെ കേന്ദ്രസർക്കാർ കൈമാറിയിട്ടില്ല. കേന്ദ്ര സർക്കാരിൻറെ നിലപാടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതെന്നാണ് ധനമന്ത്രിയുടെ ആരോപണം. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ഇന്നലെ പ്രതിപക്ഷം ധവളപത്രം പുറത്തിറക്കിയിരുന്നു. ശമ്പളവും പെൻഷനും നൽകിയാൽ പിന്നീട് ഖജനാവിൽ പണം മിച്ചം ഇല്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.