ശക്തമായ മഴയെ തുടർന്ന് ശിരുവാണി മേഖലയിൽ മണ്ണിടിച്ചിൽ. കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടലുണ്ടായ എസ് കർവിലാണ് മണ്ണിടിച്ചിൽ. ഇതോടെ ശിരുവാണി ശിങ്കംപാറ ആദിവാസി ഊരിലെ നാൽപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇത് ഊരുനിവാസികളെ കടുത്ത ദുരിതത്തിലാക്കി. ഇതിന് പുറമെ ശിങ്കംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും ദുരിതത്തിലാണ്. ഇനിയും മണ്ണിടിഞ്ഞാൽ കാൽനടയാത്ര പോലും സാധ്യമാവില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മഴയ്ക്ക് പുറമെ ശക്തമായ കാറ്റും മേഖലയിൽ പ്രതിസന്ധി സൃഷ്ടിയ്ക്കുക്കുന്നുണ്ട്. ഊരിലെ പലവീടുകളിലെയും ഓട് കാറ്റിൽ പറന്നുപോയി. ഇതേ തുടർന്ന് ഒരു വീട് പൂർണ്ണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. ഈ കുടുംബങ്ങളെ സമീപത്തെ ജലസേചന വകുപ്പ് കെട്ടിടത്തിലേയ്ക്ക് മാറ്റി പാർപ്പിച്ചു.