തിരുവനന്തപുരം: കേരളത്തിൽ റോഡ് നിർമാണത്തിന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനം. ബംഗളൂരുവിലും മറ്റും ഉപയോഗിക്കുന്ന വൈറ്റ് ടോപിങ് ഉപയോഗിക്കാനാണ് തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. ബംഗളൂരു സന്ദർശനത്തിനിടെയാണ് അവിടുത്തെ റോഡ് നിർമാണ രീതികളെക്കുറിച്ച് മന്ത്രി മനസിലാക്കിയത്. തുടർന്ന് ബംഗളൂരു കോര്‍പറേഷനു കീഴിലുള്ള "ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ" (BBMP) നഗരത്തിൽ നടപ്പിലാക്കുന്ന റോഡ് നിർമ്മാണ രീതികളെക്കുറിച്ച് അവിടുത്തെ എഞ്ചിനീയര്‍മാരുമായി ചർച്ച നടത്തി. റോഡുകൾ സന്ദർശിക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിലും വൈറ്റ് ടോപിങ് നടപ്പാക്കാനുള്ള ആലോചനയുണ്ടായത്.
വൈറ്റ് ടോപിങ് സാങ്കേതികവിദ്യയിൽ നിർമിക്കുന്ന റോഡുകൾക്ക്, ഇടയ്ക്കുള്ള അറ്റകുറ്റപ്പണി ഇല്ലാതെ തന്നെ 30 വര്‍ഷം വരെ ആയുസ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പക്ഷേ, നിർമാണ ചെലവ് ഒരു കി.മീറ്ററിന് 10 കോടി രൂപയാണ്. കേരളത്തിലെ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് കി. മീറ്ററിന് ഒരു കോടി രൂപയാണ് ചിലവ് വരുന്നത്. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയാണ് റോഡിന്റെ കാലാവധി കണക്ക് കൂട്ടുന്നത്. വൈറ്റ് ടോപ്പിംഗിന് തുടക്കത്തിൽ ചെലവ് കൂടുതലാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.എം & ബി.സിയെക്കാള്‍ ലാഭകരമാണെന്നും പൊതുമരാമത്ത് വകുപ്പ് വിലയിരുത്തിയിട്ടുണ്ട്.
കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലൈറ്റ് വൈറ്റ് ടോപ്പിംഗ് നിര്‍മ്മാണം നടത്തുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് സര്‍ക്കാർ ഉടൻ കടക്കും. അതിനായി ആദിത്യ ബിര്‍ല ഗ്രൂപ്പുമായി പ്രാരംഭ ചർച്ചകളും നടത്തിക്കഴിഞ്ഞു. ലൈറ്റ് വൈറ്റ് ടോപിങ് രീതിയിലുള്ള റോഡ് 20 വര്‍ഷത്തോളം കേടുപാടുകള്‍ സംഭവിക്കില്ലെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ലൈറ്റ് വൈറ്റ് ടോപ്പിംഗിന് ഒന്നേകാല്‍ കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ റോഡിന്റെ ഉപരിതലം പൊളിച്ച് മാറ്റിയ ശേഷം ആറ് ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യുകയാണ് രീതി.
ഈ സാങ്കേതിക വിദ്യയുപയോഗിച്ച് ചെയ്യുന്ന റോഡുകളിൽ ടാറിങിനു ശേഷം ഒരാഴ്ച കഴിഞ്ഞാലെ വാഹനഗതാഗതം സാധ്യമാകൂ. അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ 10 കി.മീറ്റര്‍ വീതം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 1400 കി.മീറ്റര്‍ ചെയ്യാന്‍ 1800 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന കാഴ്ചപ്പാടോടുകൂടിയാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരളത്തില്‍ ആദ്യമായി ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണങ്ങളും നടത്തി വിജയിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു.