കോഴിക്കോട്: മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് നടപടിയെടുത്ത കെ.എം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍. മലപ്പുറം കോഹിനൂരില്‍ ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ വഹാബ് പൗരത്വ നിയമത്തിനെതിരെ നടത്തുന്ന ഉപവാസ സമര വേദിയിലാണ് ബഷീർ എത്തിയത്. താന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്നും പൗരത്വനിയമത്തിനെതിരെ ആര് പരിപാടി നടത്തിയാലും പങ്കെടുക്കാനാണ് തീരുമാനമെന്നും കെ.എം ബഷീര്‍ പറഞ്ഞു.
'പാര്‍ട്ടിക്കെതിരെ താൻ പ്രവര്‍ത്തിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമരത്തെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് വിമര്‍ശിച്ചത്. ന്യൂനപക്ഷത്തിന് വേണ്ടിയുള്ള സമരത്തിലും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരത്തിലുമാണ് പങ്കെടുത്തത്. ഇത് ചില കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിട്ടുണ്ട്.
മുസ്ലിം ലീഗിന് വേണ്ടി അന്‍പത് കൊല്ലക്കാലം ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ചയാളാണ് താന്‍. പാര്‍ട്ടിയില്‍ ഒരു പദവിയും ചോദിച്ചു വാങ്ങിയിട്ടില്ല. എല്ലാം തേടി വന്നതാണ്. ഇപ്പോഴും ആ ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടി പുറത്താക്കിയാലും ദൈവം പുറത്താക്കിയിട്ടില്ല. ആയുസ്സുള്ള കാലത്തോളം ഇത്തരം സമരങ്ങളില്‍ പങ്കെടുക്കും'.- ബഷീര്‍ പറഞ്ഞു.