തിരുവനന്തപുരം: ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ഈ മാസം 16ന് ശേഷം വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള. 16ന് ചേരുന്ന അവലോകനയോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ഇടുക്കിയിൽ ആകെ സംഭരണശേഷിയുടെ 20.3 ശതമാനവും ശബരിഗിരിയൽ 17.5 ശതമാനവും ഇടമലയാറിൽ 20.2 ശതമാനവും വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം ഡാമുകളിൽ 90 ശതമാനത്തിന് മുകളിൽ വെള്ളമുണ്ടായിരുന്നു.
മഴ പെയ്തില്ലെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ടുപോകാനാകില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഇടമൺ-കൊച്ചി 400 കെ.വി വൈദ്യുതിലൈൻ ഉദ്ഘാടനം ചെയ്യാൻ സാധിക്കാത്തത് തിരിച്ചടിയാണെന്ന് ബോർഡ് ചെയർമാൻ പറയുന്നു. ഭൂരിഭാഗവും പൂർത്തിയായ ഈ പദ്ധതിയുടെ അരകിലോമീറ്റർ ദൂരം കേസിൽപ്പെട്ട് മുടങ്ങിക്കിടക്കുകയാണ്. ഇത് പൂർത്തീകരിക്കാനായാൽ പുറത്തുനിന്ന് വൈദ്യുതികൊണ്ടുവരാൻ സാധിക്കുമായിരുന്നുവെന്നും ബോർഡ് ചൂണ്ടിക്കാണിക്കുന്നു.