ഇടുക്കി: ബ്രേക്ക് നഷ്ടമായ കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഒമ്പത് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർമാരായ സന്തോഷ്, രഞ്ജിത്, മുഹേഷ്, എന്നിവർക്കും വഴിയാത്രക്കാരായ അറുകുഴിയിൽ സോമൻ, ടൈഫോർഡ് സ്വദേശി മുരുകൻ അശാരി, പാൽ ദുരൈ, ഇതര സംസ്ഥാന സ്വദേശി ഗീത, ഏലപ്പാറ ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ പോൾ രാജ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഏഴുപേരെ പിരുമേട് താലൂക്ക് ആശുപത്രിയിലേക്കും രണ്ടു പേരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അതേസമയം പരിക്ക് ആർക്കും ഗുരുതരമല്ല.
ഏലപ്പാറ ബസ് സ്റ്റാൻഡിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ ബസ് ബ്രേക്ക് നഷ്ടമായതോടെ സെൻട്രൽ ജങ്ഷനിൽവെച്ച് വേഗത കൂടി ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിലേക്കും ബസ് ഇടിച്ചു. അപകടത്തിൽ എട്ട് ഓട്ടോറിക്ഷകൾ പൂർണമായും തകർന്നു. കാറും മറ്റൊരു സ്കൂട്ടറും അപകടത്തിൽ തകർന്നിട്ടുണ്ട്.
ഇരുപത് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായി ബസ് നിയന്ത്രണമില്ലാതെ മുന്നോട്ടു നീങ്ങയതോടെ യാത്രക്കാർ അലറിവിളിച്ചു. ഇതുകേട്ട കാൽനടയാത്രക്കാരും മറ്റും ഓടി മാറി രക്ഷപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റവരിലേറെയും ഓട്ടോയിലുണ്ടായിരുന്നവരാണ്. ഇവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചുമട്ടുതൊഴിലാളികളും പൊതുപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.