കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചശേഷം നിറുത്താതെ പോയ കെഎസ്ആർടിസി സൂപ്പര്‍ എക്സ്പ്രസ് ബസിനെ ഓട്ടോ തൊഴിലാളികള്‍ പിന്തുടർന്നു പിടികൂടി. തൊഴിലാളികൾ പിന്തുടരുന്നുവെന്ന് മനസ്സിലായതോടെ ബസ് സ്റ്റാന്‍ഡില്‍ കയറ്റി നിര്‍ത്തിയശേഷം ഡ്രൈവര്‍ കടന്നുകളഞ്ഞു. പിന്നീട് പകരം ബസെത്തിച്ചാണ് ബെംഗളൂരു സര്‍വീസ് നടത്തിയത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ വയനാട് റോഡിലായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക് പോകാനായി പാവങ്ങാട് ഡിപ്പോയില്‍നിന്ന് കെഎസ്ആർടിസി സ്റ്റാന്‍ഡിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്. വഴിയരികില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോയെ പിന്നില്‍നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തിനുശേഷം ബസ് പുറകോട്ടെടുത്താണ് കടന്നുകളഞ്ഞത്. മറ്റ് ഓട്ടോ തൊഴിലാളികളെത്തിയാണ് ഡ്രൈവര്‍ ഫിറോസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.